Connect with us

Kerala

ഓണത്തിന് കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് കലക്ഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ നില പരുങ്ങളിലായ കെ എസ് ആര്‍ ടി സിക്ക് ഓണനാളുകളില്‍ ലഭിച്ചത് റെക്കോര്‍ഡ് കലക്ഷന്‍. ഈ മാസം 13 മുതല്‍ 17 വരെയുള്ള നാളുകളില്‍ റെക്കോര്‍ഡ് വരുമാനം നേടിയതായി കോര്‍പറേഷന്റെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ 13ന് 5,122 സര്‍വീസ് നടത്തി 5.32 കോടി രൂപയാണ് വരുമാനം നേടിയത്. ഉത്രാട തലേന്ന് വരുമാനം 5.51 കോടി രൂപായായി. 5,272 സര്‍വീസാണ് ഉത്രാട തലേന്ന് നടത്തിയത്. ഉത്രാട നാളില്‍ 4,915 സര്‍വീസുകളാണ് നടത്തിയത്. അന്നും വരുമാനം 5.32 കോടി രൂപ.
പക്ഷേ, തിരുവോണ നാളില്‍ സര്‍വീസും കളക്ഷനും ഗണ്യമായി കുറഞ്ഞു. അന്നായിരുന്നു കെ എസ് ആര്‍ ടി സിക്ക് പ്രതികൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തിരുവോണനാളില്‍ 3,663 നടത്തിയ കെ എസ് ആര്‍ ടി സിയുടെ കലക്ഷന്‍ 3.34 കോടി രൂപയായി കുറഞ്ഞു. അവിട്ടം ദിനത്തില്‍ 4.12 കോടി രൂപയായിരുന്നു കളക്ഷന്‍. അന്ന് 4,422 സര്‍വീസുകളേ നടത്തിയുള്ളൂ.
കഴിഞ്ഞ ഓണക്കാലത്ത് ലഭിച്ചതിനെക്കാള്‍ കൂടുതലാണ് ഇത്തവണ ലഭിച്ച വരുമാനം. എന്നാല്‍ ഇതിലും ഉയരേണ്ടതായിരുന്നു ഇത്തവണത്തെ വരവ്. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ ആ നേട്ടം ലഭിക്കാതെ പോയി. സുപ്രീം കോടതി വിധിക്ക് മുമ്പ് വരുമാനം 5.32 കോടി രൂപയായിരുന്നു. എന്നാല്‍ കോടതിവിധിക്കുശേഷം അഞ്ച് കോടിയുടെ പ്രതിദിന വരുമാനം നേടാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയാതെ പോയി.

Latest