വഴിക്കടവില്‍ രേണ്ടമുക്കാല്‍ ടണ്‍ ചന്ദനമുട്ടികള്‍ പിടികൂടി

Posted on: September 20, 2013 1:01 am | Last updated: September 20, 2013 at 1:01 am

Sell_Sandalwood_logനിലമ്പൂര്‍: ആന്ധ്രയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന രേണ്ട മുക്കാല്‍ ടണ്‍ ചന്ദനത്തടികള്‍ പോലീസും വനം വകുപ്പും ചേര്‍ന്ന് പിടികൂടി. മഞ്ചേരി മംഗലശ്ശേരി വിളക്കും മഠത്തില്‍ ഹാരിസ് (26), മഞ്ചേരി ഷാപ്പിന്‍കുന്ന് മുഹമ്മദ് കുരിക്കള്‍(35) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ മണിമൂളി നെല്ലിക്കുത്ത് ജംഗ്ഷനിലാണ് ചന്ദനം പിടിച്ചെടുത്തത്. വഴിക്കടവ് പോലീസിനും ചെക്ക് പോസ്റ്റിലേക്കും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും വനം വകുപ്പ് ഉദേ്യാഗസ്ഥരും വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. കെ എല്‍ 10 എ എല്‍ 8625-ാം നമ്പര്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയിലായിരുന്നു ചന്ദനക്കടത്ത്. ഒരു മുഴം നീളമുള്ള ചന്ദനത്തടിക്കഷ്ണങ്ങളും ചീളുകളും 125 ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് കടത്തിയിരുന്നത്.
ഈ ചാക്കുകള്‍ക്ക് മുകളില്‍ ടാര്‍പായ വിരിച്ച് കാലിയായ പ്ലാസ്റ്റിക് തക്കാളിപ്പെട്ടി വെച്ച് കെട്ടി വരിഞ്ഞ നിലയിലായിരുന്നു. 2750 കിലോ ഗ്രാം ചന്ദനമാണ് പിടിച്ചെടുത്തത്.
മാര്‍ക്കറ്റില്‍ ഇതിന് ഒരു കോടി എട്ട് ലക്ഷം രൂപ മതിപ്പ് വില കണക്കാക്കുന്നു. ഒരു കിലോ ഗ്രാം ചന്ദനത്തിന് 30,00 രൂപ മുതല്‍ 60,00 രൂപ വരെ വിലയുണ്ട്. പിടിച്ചെടുത്ത ചന്ദനത്തടികള്‍ നാടന്‍ ചന്ദനമായതിനാല്‍ കിലോക്ക് 4000 രൂപ ലഭിക്കും.
വാഹനത്തിന്റെ ആര്‍ സി ഉടമ വള്ളുവമ്പ്രം പള്ളിയാളില്‍ അമീറാണ്. ഇയാളെ കുറിച്ച് അനേ്വഷിച്ചു വരികയാണ്. മഞ്ചേരി വി പി ഹാളിനു സമീപത്തുള്ള വേ ബ്രിഡ്ജിനടുത്ത് നിന്നാണ് ലോറികൊണ്ടു വന്നതെന്നും ആന്ധ്രാ പ്രദേശിലെ അനന്തപൂരിലേക്കാണ് ചന്ദനത്തടികള്‍ കൊണ്ടു പോകുന്നതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചന്ദനം ആരുടേതാണെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. 7000 രൂപക്ക് അനന്തപൂരില്‍ എത്തിക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദേശമത്രെ. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പരിശോധനക്ക് വഴിക്കടവ് എസ ്‌ഐ പ്രദീപ് കുമാര്‍, സി പി ഒ മാരായ വി തോമസ്, സി വി എബ്രഹാം, പി ജെ ഹബിച്ചന്‍, സുബ്രഹ്മണ്യന്‍, ഹോം ഗാര്‍ഡ് ഉണ്ണി നേതൃത്വം നല്‍കി. വിശദമായ അന്വേഷണത്തിന് നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ചര്‍ ബി അരുണേഷ് ഇന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടങ്ങും.