Connect with us

Kerala

സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചില്ല

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പൊതുസ്ഥലം മാറ്റ പട്ടികയിലുള്‍പ്പെട്ട അസി.പ്രൊഫസര്‍ക്ക് ഉത്തരവ് ലഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും മാറ്റം കിട്ടിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചില്ല. ഉന്നതതല സ്വാധീനം ചെലുത്തി ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ തുടരുന്നതായാണ് വിവരം. തിരുവനന്തപുരം കണ്ണാശുപത്രിയിലെ വനിതാ അസി. പ്രൊഫ. ഡോ. ചിത്രാരാഘവനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജൂണിലിറക്കിയ ജനറല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
കണ്ണാശുപത്രിയില്‍ നിന്ന് റിലീവിംഗ് ലെറ്റര്‍ വാങ്ങിപ്പോയെങ്കിലും മൂന്ന് മാസം പിന്നിട്ടിട്ടും ആലപ്പുഴയില്‍ ഇവര്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ജോലിക്ക് പ്രവേശിക്കാത്തത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കു പകരം ആലപ്പുഴയില്‍ നിന്ന് ഇവിടേക്ക് ട്രാന്‍സ്ഫറായ വ്യക്തി തിരുവനന്തപുരത്ത് ജോലിക്ക് പ്രവേശിച്ചു കഴിഞ്ഞു. കുടംബപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മറ്റ് ഡോക്ടര്‍മാരെ ബലിയാടാക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നത്.
പ്രൊഫസര്‍ക്ക് സ്ഥലം മാറ്റം റദ്ദാക്കി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ തുടരണമെങ്കില്‍ മറ്റേതെങ്കിലും ഒരു ഡോക്ടര്‍ ആസ്ഥാനത്ത് ആലപ്പുഴയിലേക്ക് പോകേണ്ടിവരും. പതിമൂന്ന് വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇവര്‍ക്ക് വന്ന ആദ്യ സ്ഥലം മാറ്റമാണിത്. മിശ്ര വിവാഹം എന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റ ഉത്തരവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ മിശ്ര വിവാഹം ആണെങ്കില്‍ ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ആയിരിക്കണമെന്നാണ് വ്യവസ്ഥ.
മാത്രമല്ല, വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തെ ആനുകൂലം മാത്രമേ ഇക്കാര്യത്തില്‍ ദമ്പതികള്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് സ്വകാര്യമേഖലയില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജനായി ജോലിചെയ്യുകയാണ്. വിവാഹിതരായിട്ട് വര്‍ഷങ്ങളും ഏറെയായി.
ഇവരെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ഉത്തരവിറക്കാന്‍ തയാറെടുക്കുന്നുണ്ട്. ഒരു വ്യക്തിക്ക് വേണ്ടി നടത്തുന്ന തന്ത്രപരമായ നീക്കങ്ങള്‍ക്കെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ ജി എം സി ടി എക്ക് ഡോക്ടര്‍മാര്‍ കത്തും നല്‍കിയിട്ടുണ്ട്.

Latest