Connect with us

Gulf

എമിറേറ്റ്‌സ് എന്‍ ബി ഡി മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കൈകോര്‍ക്കുന്നു

Published

|

Last Updated

ദുബൈ: ബേങ്കിംഗ് സ്ഥാപനമായ എമിറേറ്റ്‌സ് എന്‍ ബി ഡി പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കൈകോര്‍ക്കുന്നു. മാഞ്ചസ്റ്റര്‍ ക്ലബ്ബിന്റെ സാമ്പത്തിക പങ്കാളിയായി അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കാനാണ് ഇരുവരും ധാരണാപത്രം ഒപ്പുവെച്ചത്.
മാഞ്ചസ്റ്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നതായി എമിറേറ്റ്‌സ് എന്‍ ബി ഡി റീട്ടെയില്‍ ബേങ്കിംഗ് ജനറല്‍ മാനേജര്‍ സുവോ സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാഞ്ചസ്റ്ററുമായി സഹകരിക്കാന്‍ സാധിക്കുന്നത് യു എ ഇയുടെ ഫുട്‌ബോള്‍ ചരിത്രത്തിലും മികച്ച കാല്‍വെപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 350 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബാണ് മാഞ്ചസ്റ്ററെന്നതിനാല്‍ ക്ലബ്ബുമായി യു എ ഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ എമിറേറ്റ് എന്‍ ബി ഡിക്ക് സഹകരിക്കാന്‍ സാധിക്കുന്നുവെന്നത് അഭിമാനാര്‍ഹമായ നേട്ടമായാണ് കമ്പനി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി പ്രത്യേക ക്രെഡിറ്റ് കാര്‍ഡും മാസ്റ്റര്‍ കാര്‍ഡും ബേങ്ക് ഇറക്കുമെന്ന് കാര്‍ഡ്‌സ് ബിസിനസ് ഹെഡ് ആര്‍ ശിവറാം പറഞ്ഞു. ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ഹെഡ് സൈഫ് അല്‍ മന്‍സൂരി, മാഞ്ചസ്റ്റര്‍ എം ഡി റിച്ചാര്‍ഡ് അര്‍നോള്‍ഡ്, ദുബൈ സ്‌പോട്‌സ് കൗണ്‍സില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജിക് പാട്ട്ണര്‍ഷിപ്പ് മാനേജര്‍ അഹമ്മദ് ഇബ്രാഹിം പങ്കെടുത്തു.