പരമ്പര നേടാന്‍ യുവിയുടെ പട

Posted on: September 19, 2013 8:24 am | Last updated: September 19, 2013 at 8:24 am

ബംഗളുരു: എ ടീമുകളുടെ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ചാമ്പ്യന്‍ പട്ടമണിയാന്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ആദ്യ കളി ജയിച്ച ഇന്ത്യയെ രണ്ടാം കളി ജയിച്ച് വെസ്റ്റിന്‍ഡീസ് ഒപ്പം പിടിച്ചതോടെയാണ് പരമ്പരക്ക് ആവേശം വന്നത്. ക്യാപ്റ്റന്‍ യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറി (89 പന്തില്‍ 123) മികവിലായിരുന്നു ആദ്യ മത്സരം ഇന്ത്യ 77 റണ്‍സിന് ജയിച്ചത്. രണ്ടാം ഏകദിനത്തില്‍ ഇരുപത്തഞ്ചുകാരന്‍ ജൊനാഥന്‍ കാര്‍ട്ടര്‍ (132 പന്തില്‍ 133) വെസ്റ്റിന്‍ഡീസിന്റെ രക്ഷകനായപ്പോള്‍ ഇന്ത്യ 55 റണ്‍സിന് തോറ്റു.
ഒരു അര്‍ധസെഞ്ച്വറി പോലുമില്ലാതെ പോയ ഇന്നിംഗ്‌സ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പോരായ്മ ചൂണ്ടിക്കാട്ടി. അതേ സമയം, യുവരാജ് സിംഗ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി രണ്ടാം മത്സരത്തിലും തിളങ്ങി. 58 പന്തുകളില്‍ 40 റണ്‍സെടുത്ത യുവരാജായിരുന്നു ടോപ് സ്‌കോറര്‍. ഓപണര്‍മാരായ ഉത്തപ്പയും ഉന്‍മുക്തും തീര്‍ത്തും പരാജയമാണ്.
മധ്യനിരയില്‍ മന്‍ദീപ്, പത്താന്‍, യാദവ്, നമന്‍ ഓജ ചെറിയ സംഭാവനകള്‍ നല്‍കിയെങ്കിലും വലിയൊരു ഇന്നിംഗ്‌സ് സാധ്യമാകുന്നില്ല. ബൗളിംഗ് നിരയും വെസ്റ്റിന്‍ഡീസിനോളം വരില്ല. പേസര്‍ മിഗ്വെല്‍ കുമിന്‍സും റോന്‍സ്‌ഫൊഡ് ബീറ്റണും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചവര്‍. അതേ സമയം, ഇന്ത്യന്‍ ബൗളര്‍മാരായ ജയദേവ്, സുമിത്, രാഹുല്‍, ഷഹബാസ് എന്നിവര്‍ പ്രതിഭയോട് നീതി പുലര്‍ത്തുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ്.