പാലക്കാട്: നഗരത്തിലും സമീപപ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന പശുക്കള്‍ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യമാകുന്നതായി നിരന്തര പരാതിയുയര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടാന്‍ പോലീസ് നടപടി ആരംഭിച്ചു. ഇതേത്തുടര്‍ന്ന് ഡി വൈ എസ് പി. പി കെ മധുവിന്റെ നിര്‍ദേശപ്രകാരം അലഞ്ഞു തിരിയുന്ന പശുക്കളുടെ ഉടമകളെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു.
മുമ്പ് ഇപ്രകാരം കണ്ടെത്തിയ 25ഓളം പശു ഉടമകള്‍ക്ക് ടൗണ്‍ സൗത്ത് സ്‌റ്റേഷനില്‍നിന്നു മുന്നറിയിപ്പു നോട്ടീസ് നല്‍കിയിരുന്നു. പിന്നീടും പശുക്കള്‍ സൈ്വര്യവിഹാരം തുടര്‍ന്നതിനെത്തുടര്‍ന്നാണ് ഇന്നലെ മുതല്‍ വീണ്ടും നടപടിയാരംഭിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നട്ടുച്ചക്ക് തിരക്കേറിയ ഐ എം എ ജംഗ്ഷനില്‍ അലക്ഷ്യമായി ചുറ്റിത്തിരിഞ്ഞ പശു സൗത്ത് പോലീസിന്റെ പിടിയിലായി. പിന്നീട് പശുവിനെ കയറിട്ട് സൗത്ത് സ്‌റ്റേഷനിലെത്തിച്ചു. പൊതുനിരത്തില്‍ പൊതുജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കുന്ന വിധത്തില്‍ അലഞ്ഞു തിരിയല്‍, ഗതാഗത തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് പശുവിന്റെ ഉടമക്കെതിരെ കേസെടുത്തത്.ഒരു വര്‍ഷം തടവോ അയ്യായിരം രൂപ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
വൈകീട്ട് ആറോടെ പശുവിന്റെ ഉടമ ചിറ്റൂര്‍റോഡില്‍ കേനാത്തു പറമ്പ് വിനോദ് സ്‌റ്റേഷനിലെത്തി. കറവയുള്ള പശുവാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ ഉടമക്കൊപ്പം ഇതിനെ വിട്ടയക്കുകയായിരുന്നു. ഇനി പിടികൂടുന്ന പശുക്കളെ സ്‌റ്റേഷനു പകരം കൊപ്പത്തെ ആലയിലായിരിക്കും സൂക്ഷിക്കുക. തുടര്‍ദിവസങ്ങളിലും അലഞ്ഞു തിരിയുന്ന പശുക്കള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സൗത്ത് എസ് ഐ എം സുജിത്ത് അറിയിച്ചു.