എം വി രാഘവന്റെ ആരോഗ്യനില ഗുരുതരം

Posted on: September 19, 2013 12:33 am | Last updated: September 19, 2013 at 12:33 am

കണ്ണൂര്‍: പരിയാരം സഹകരണ ഹൃദയാലയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍മന്ത്രിയും സി എം പി ജനറല്‍ സെക്രട്ടറിയുമായ എം വി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും പൂര്‍ണ തൃപ്തികരമല്ലെന്ന് മെഡിക്കല്‍ സംഘം. എം വി ആറിനെ ചികിത്സിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പ്രത്യേക മെഡിക്കല്‍ സംഘവും പരിയാരത്തെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന്‍, ഡോ. ജയിംസ്, ഡോ. ശശിധരന്‍ എന്നിവരാണ് സംഘത്തിലുള്ളത്. രക്തസമ്മര്‍ദവും പ്രമേഹവും അധികമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് എം വി ആറിനെ അബോധാവസ്ഥയില്‍ പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ കണ്ണുകള്‍ തുറക്കുകയും അടുത്ത ബന്ധുക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ന്യുമോണിയ കാരണം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തൃപ്തികരമല്ല. ഇന്റന്‍സീവ് തെറാപ്പി യൂനിറ്റില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എം വി ആര്‍. അണുബാധയേല്‍ക്കുന്നത് തടയാന്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ബാലചന്ദ്രന്‍ അറിയിച്ചു.