Connect with us

Kottayam

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: വൈക്കം വിശ്വന്‍

Published

|

Last Updated

കോട്ടയം: കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ എസ് ആര്‍ ടി ഇ എ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് കാലങ്ങളായി ലഭിച്ചിരുന്ന യാത്രാ സൗകര്യം ഇല്ലാതാക്കാനേ സുപ്രീം കോടതി വിധി സഹായിക്കൂ. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് മനസ്സിലാക്കി നടപടി സ്വീകരിക്കണം. എണ്ണക്കമ്പനിയില്‍ നിന്നും കെ എസ് ആര്‍ ടി സിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ ലഭ്യമാകേണ്ടതിന്റെ സവിശേഷ സാഹചര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇത് അക്ഷന്തവ്യമായ വീഴ്ചയും ജനങ്ങളോടും കെ എസ് ആര്‍ ടി സി ജീവനക്കാരോടുമുള്ള പ്രതിബദ്ധതയില്ലായ്മയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രതിവര്‍ഷം തൊഴില്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനത്തോടാണ് സര്‍ക്കാറിന്റെ ഈ അവഗണന. കെ എസ് ആര്‍ ടി സി ഇല്ലാതായാല്‍ കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളും പട്ടിണിയിലാകും. സുപ്രീം കോടതിവിധി കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, യാത്രാ മേഖലകളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും വൈക്കം വിശ്വന്‍ മുന്നറിയിപ്പ് നല്‍കി.