Connect with us

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴക്കുള്ള മുന്നറിയിപ്പ് രണ്ട് ദിവസത്തേക്കാണെങ്കിലും 22 വരെ കാലവര്‍ഷം സജീവമാകാനുള്ള ഘടകങ്ങളുണ്ട്. ശാന്ത സമുദ്രത്തില്‍ ഫിലിപ്പൈന്‍സിന്റെ കിഴക്കായി ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഉസാഗി എന്നാണ് ഈ കാറ്റിന് പേരിട്ടിരിക്കുന്നത്. ഇത് 22 ാം തീയതിയോടെ ചൈനാതീരം കടന്ന് ദുര്‍ബലമാകുമെന്ന് വിലയിരുത്തുന്നു. അതുവരെ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കും. കേരളത്തില്‍ നല്ല മഴ ലഭിക്കാനുള്ള അനുകൂല ഘടകമാണിത്.
ഇതിനുപുറമെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. കൂടാതെ അറബിക്കടലിലും ന്യനമര്‍ദം രൂപം കൊണ്ടിട്ടുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് സുധീവന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കിയിലാണ്. 10 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.

Latest