Connect with us

Articles

ആദര്‍ശനിഷ്ഠ കൈവിടാത്ത രാഷ്ട്രീയ നേതാവ്‌

Published

|

Last Updated

ജീവിതത്തിലുടനീളം ആദര്‍ശനിഷ്ഠ മുറുകെപിടിച്ച കമ്യൂണിസ്റ്റായിരുന്നു വെളിയം ഭാര്‍ഗവന്‍. ഞാന്‍ തൊള്ളായിരത്തി അന്‍പത്തി രണ്ടിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. സഖാവ് ഭാര്‍ഗവന്‍, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്.
തൊള്ളായിരത്തി അമ്പത്തി മൂന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി രൂപവത്കരിക്കുന്നത് മുതല്‍ ഞാനും ഭാര്‍ഗവനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സി എന്‍ രാഘവന്‍ പിള്ളയായിരുന്നു താലൂക്ക് കമ്മിറ്റി സെക്രട്ടറി. വക്കീല്‍ പണി ഉണ്ടായിരുന്നതിനാല്‍ ഞാന്‍ താലൂക്ക് കമ്മിറ്റി അംഗമായി ഒതുങ്ങിക്കൂടി. എന്നാല്‍ ഭാര്‍ഗവന്‍, പാര്‍ട്ടി കൊല്ലം ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
കൊട്ടാരക്കരയില്‍ ഇടതുപക്ഷ കക്ഷികളുടെ ഒരു പഞ്ചായത്ത് മുന്നണിക്ക് തന്നെ ഞങ്ങള്‍ രൂപം നല്‍കിയിരുന്നു. ഞാനും ഭാര്‍ഗവനും കൂടാതെ ഡി ദാമോദരന്‍പോറ്റി (പി എസ് പി), ടി എന്‍ പ്രഭ (ആര്‍ എസ് പി) തുടങ്ങിയവരായിരുന്നു ആ ഇടതുപക്ഷ മുന്നണിയുടെ നേതാക്കള്‍. അക്കാലത്ത് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ലഭിക്കുമായിരുന്നില്ല. ഏറെ സമ്മര്‍ദം ചെലുത്തിയും നിര്‍ബന്ധിച്ചുമൊക്കെയാണ് പലരെയും സ്ഥാനാര്‍ഥികളാക്കുക. അങ്ങനെ വെളിയം വാര്‍ഡില്‍ ഭാര്‍ഗവനെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കി. ആ തിരഞ്ഞെടുപ്പ് വിജയത്തെയും ഇടതുപക്ഷ ഐക്യത്തെയും കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ മുഖപത്രമായ ക്രോസ് റോഡ്‌സില്‍ മുഖപ്രസംഗം തന്നെ എഴുതി. “കൊട്ടാരക്കര ഷോസ് ദ പാത്ത്‌വേ” എന്നായിരുന്നു ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
തൊള്ളായിരത്തി അന്‍പത്തി നാലിലെ ട്രാന്‍സ്‌പോര്‍ട്ട് സമരം മറക്കാനാകാത്തതാണ്. അന്ന് ആദ്യ ബഞ്ചില്‍ പിക്കറ്റിംഗിന് ഞാനും രണ്ടാമത്തെ ബഞ്ചില്‍ ഭാര്‍ഗവനും ആയിരുന്നു നേതൃത്വം നല്‍കിയത്. പിക്കറ്റിംഗില്‍ പങ്കെടുത്തവരെയെല്ലാം ലോക്കപ്പ് ചെയ്തു. ആ സമരത്തില്‍ സംസ്ഥാന വ്യാപകമായി സമര വളന്റിയര്‍മാര്‍ക്കെതിരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. കൊട്ടാരക്കരയില്‍ സമരസഖാക്കളെ ലോക്കപ്പില്‍ അതിക്രൂരമായി മര്‍ദിച്ചു. ഭാര്‍ഗവന്റെ മീശ പിഴുതെടുത്തു. ധൈര്യപൂര്‍വമാണ് ഭാര്‍ഗവന്‍ അതിനെ നേരിട്ടത്.
തൊള്ളായിരത്തി അന്‍പത്തിയേഴില്‍ ഞാന്‍ കൊട്ടാരക്കരയിലും ഭാര്‍ഗവന്‍ ചടയമംഗലത്തും നിയമസഭാ സ്ഥാനാര്‍ഥികളായി. ഭാര്‍ഗവന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് എന്റെ അമ്മാവനായ പി കെ രാഘവന്‍ പിള്ളയായിരുന്നു. അന്ന് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഒരു കാറും മൈക്ക് സെറ്റും പോസ്റ്ററും സ്ലിപ്പും മാത്രമാണ് പാര്‍ട്ടി കേന്ദ്രത്തില്‍ നിന്നും ലഭിക്കുക. തിരഞ്ഞെടുപ്പ് ചെലവിനുള്ള പണം പ്രാദേശികമായിതന്നെ കണ്ടെത്തണം. അന്ന് എല്ലാറ്റിനും കൂടി ആകെ ചെലവായത് പതിനയ്യായിരം രൂപ മാത്രമാണ്. അന്ന് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോഴും സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, മന്ത്രിസഭ ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ആളാണ് എം എന്‍. അന്ന് എം എല്‍ എമാര്‍ക്ക് താമസിക്കുന്നതിന് എം എല്‍ എ ക്വാര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നില്ല. പുളിമൂടിന് സമീപത്തെ സേവിയേഴ്‌സ് അനക്‌സില്‍ ആയിരുന്നു എം എല്‍ എമാരുടെ താമസം. മുകളിലത്തെ നിലയില്‍ ഞാനും ഭാര്‍ഗവനും തോപ്പില്‍ ഭാസിയും പുനലൂര്‍ രാജഗോപാലന്‍ നായരും താഴത്തെ നിലയില്‍ പി ഗോവിന്ദപ്പിള്ളയും പന്തളം പി ആര്‍ മാധവന്‍ പിള്ളയുമൊക്കെയായിരുന്നു താമസം.
അന്ന് പ്രതിപക്ഷത്ത് പ്രഗത്ഭമതികളായിരുന്നു. പി ടി ചാക്കോ, പട്ടം താണുപിള്ള, സി എച്ച് മുഹമ്മദ്‌കോയ, നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു മുന്‍നിരയില്‍. അവരെ നേരിടാന്‍ ഞങ്ങള്‍ കുറേ ചെറുപ്പക്കാര്‍ രംഗത്തെത്തി. ഭരണപക്ഷത്ത് നിന്നും പ്രസംഗിക്കുമ്പോള്‍ ഭാര്‍ഗവന് അര മണിക്കൂര്‍ സമയം നല്‍കും. ആന്ധ്ര കുംഭകോണത്തിന്റെ ആരോപണം വരുമ്പോള്‍ ഭാര്‍ഗവനും ഞാനും പുനലൂര്‍ രാജഗോപാലന്‍ നായരുമായിരുന്നു ഡിഫന്‍സ്. നര്‍മത്തില്‍ചാലിച്ച തോപ്പില്‍ ഭാസിയുടെ മറുപടി ഉരുളയ്ക്ക് ഉപ്പേരിപോലെയായിരുന്നു. ഭാര്‍ഗവന്റെ പ്രസംഗം ഉജ്ജ്വലമായിരുന്നു. ദിനപത്രങ്ങളുടെ നിയമസഭാവലോകനങ്ങളില്‍ ഞങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. പത്രങ്ങളാണ് ഞങ്ങളുടെ ഗ്രൂപ്പിന് “ജിഞ്ചര്‍ഗ്രൂപ്പ്” എന്ന് പേരിട്ടത്. സഭ ചേരുന്നതിന്റെ തലേ ദിവസങ്ങളിലെല്ലാം നല്ല ഗൃഹപാഠം നടത്തും. ചര്‍ച്ച നടത്തി, ആസൂത്രണം ചെയ്ത് നല്ല തയ്യാറെടുപ്പോടെയാണ് ഞങ്ങള്‍ സഭയിലെത്തിയിരുന്നത്.
തൊള്ളായിരത്തി അറുപതില്‍ ഞാന്‍ ഡി ദാമോദരന്‍ പോറ്റിയോട് തിരഞ്ഞെടുപ്പില്‍ തോറ്റു. ഭാര്‍ഗവന്‍ വിജയിച്ചു. തൊള്ളായിരത്തി അറുപത്തി ഒന്‍പതില്‍ സഖാവ് സി അച്യുതമേനോന് മത്സരിക്കാന്‍ ഞാന്‍ നിയമസഭാംഗത്വം രാജിവെച്ചു. വക്കീല്‍ പണിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി, പിറ്റേദിവസത്തേക്കുള്ള കേസ് നോക്കിയിരിക്കുമ്പോള്‍ എം എന്നും എസ് കുമാരനും ഭാര്‍ഗവനും കൂടി വീട്ടിലെത്തി. എം എന്‍ ആണ് തുടങ്ങിവെച്ചത്, “ഇനി ഇപ്പോള്‍ വക്കീല്‍ പണിചെയ്ത് ജീവിക്കേണ്ട കാര്യമൊന്നും ഇല്ല, വിശ്രമം വേണം, അതിന് നാളെ മുതല്‍ “ജനയുഗ”ത്തിന്റെ മാനേജിംഗ് എഡിറ്ററായി ചുമതല എടുക്കണം. ഒഴിയാന്‍ ശ്രമിച്ചു. പക്ഷേ, മൂന്ന് പേരും നിര്‍ബന്ധിച്ചു. അതില്‍ ഭാര്‍ഗവന്റെ സ്‌നേഹപൂര്‍വമായ സമ്മര്‍ദത്തിന് ഞാന്‍ വഴങ്ങി.
ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല ഭാര്‍ഗവനായിരുന്നു. അതിന്റെ ഗുണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിമാരായവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാം. അത് കേരളീയ സമൂഹം തൊട്ടറിഞ്ഞതാണ്. ആദ്യകാലത്ത് തിരുവിതാംകൂറിലെ ഏറ്റവും മികച്ച പ്രാസംഗികനായിരുന്നു ഭാര്‍ഗവന്‍. ഏറ്റവും കുറഞ്ഞ പ്രസംഗം ഒരു മണിക്കൂറായിരുന്നു. നല്ല ഭാഷ, രാഷ്ട്രീയ ശത്രുക്കള്‍ക്കുപോലും ഇഷ്ടമായിരുന്നു ഭാര്‍ഗവന്റെ പ്രസംഗം.
ഞാനും ഭാര്‍ഗവനും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. എന്നാല്‍ ഒരു കാര്യം പറയാതെവയ്യ, ഭാര്‍ഗവനും സുനീതിയും തമ്മിലുള്ള കല്യാണത്തിന്റെ ആലോചന നടത്തിയത് ഞാനാണ്. സുനീതിയുടെ അച്ഛന്‍ പപ്പുവക്കീല്‍, കോണ്‍ഗ്രസിന്റെ എം എല്‍ എ ആയിരുന്നു. ഞാനാണ് പപ്പുവക്കീലിനെ കണ്ട് സംസാരിച്ചത്. സുനീതിയും ഭാര്‍ഗവനും തമ്മില്‍ അടുപ്പത്തിലായിരുന്നെങ്കിലും ഭാര്‍ഗവന് ഒരു ജോലി ആയിട്ട് ആലോചന നടത്താമെന്നായിരുന്നു പപ്പു വക്കീലിന്റെ പ്രതികരണം. പിന്നീട് അതെല്ലാം മാറി. മാതൃകാ ദമ്പതികളായിരുന്നു ഭാര്‍ഗവനും സുനീതിയും.
ഒരുപാട് വായിക്കുന്ന ശീലമുണ്ടായിരുന്നു. പാര്‍ട്ടി വിദ്യാഭ്യാസ ക്ലാസുകളില്‍ മികച്ച അധ്യാപകനായിരുന്നു. പന്ത്രണ്ട് വര്‍ഷക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് സെക്രട്ടറിസ്ഥാനമൊഴിഞ്ഞത്. ഭാര്‍ഗവന്‍ വഴക്കുണ്ടാക്കുന്ന ആളാണെന്ന് പലരും പറയും. എന്നാല്‍ അനാവശ്യത്തിന് ഒരിക്കലും വഴക്കുണ്ടാക്കുമായിരുന്നില്ല. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം, സാഹോദര്യബന്ധത്തിനും അപ്പുറമായിരുന്നു. പണ്ടുകാലത്ത് ഒരുമിച്ചാണ് യാത്ര. പലപ്പോഴും ഭക്ഷണം ലഭിക്കില്ല. ബന്ധുഗൃഹങ്ങളായിരുന്നു പലപ്പോഴും ആശ്രയം. അങ്ങനെ തുടങ്ങിയ ബന്ധത്തിന്റെ ആഴം അളക്കാനാകില്ല.
തൊള്ളായിരത്തി അറുപതിനുശേഷം ഭാര്‍ഗവന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചില്ല. പാര്‍ട്ടി നിര്‍ബന്ധിച്ചപ്പോഴൊക്കെ സ്‌നേഹപൂര്‍വം ഒഴിഞ്ഞുമാറി. പിന്നീട് പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. ജീവിതത്തിലുടനീളം ആദര്‍ശനിഷ്ഠ കൈവിടാതെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്ന ഭാര്‍ഗവന്റെ നിര്യാണം ഉണ്ടാക്കിയ വിടവ് അടുത്തൊന്നും നികത്താനാകില്ല.

Latest