തിരുവോണനാളില്‍ അരീക്കോട്ടെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; പണവും സ്വര്‍ണവും മോഷ്ടിച്ചു

Posted on: September 18, 2013 11:49 am | Last updated: September 18, 2013 at 11:49 am

അരീക്കോട്: തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. അരീക്കോട് പുത്തലം സാളിഗ്രാമ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നാലു ഭണ്ഡാരങ്ങള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും അപഹരിച്ചു. നടപന്തലിനടത്തും, ഭഗവതി, വിഷ്ണു, അയ്യപ്പന്‍ എന്നീ ഉപദേവന്മരുടെ മുമ്പിലുമായി സ്ഥാപിച്ച നാലു ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്.
ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ താമസിക്കാറുള്ള ബലികര്‍മ്മി കഴിഞ്ഞ ശനിയാഴ്ച മുതല്‍ അവധിയിലാണ്. ഇദ്ദേഹത്തിന്റെ മുറിയിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 സ്വര്‍ണ താലികള്‍, സ്വര്‍ണപൊട്ടുകള്‍, മോതിരങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായി ക്ഷേത്രത്തിലെ ദേവസ്വം എക്ലിക്യൂട്ടീവ് ഓഫീസര്‍ പി സുരേന്ദ്രന്‍ പറഞ്ഞു.
കര്‍ക്കിടവാവിനു ശേഷമാണ് അവസാനമായി ഭണ്ഡാരങ്ങള്‍ തുറന്നത്. അമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ബേങ്ക് ലോക്കര്‍ മാതൃകയിലുള്ള രണ്ട് ഭണ്ഡാരങ്ങളും ഒരു സ്റ്റീല്‍ ഭണ്ഡാരവും ആമപ്പൂട്ടുള്ള ചെറിയ ഭണ്ഡാരത്തിന്റെയും പൂട്ടുകള്‍ പൊളിച്ചാണ് മോഷണം. പാത്രങ്ങള്‍ സൂക്ഷിച്ച മുറി ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും മോഷ്ടാക്കള്‍ പ്രവേശിച്ചിട്ടുണ്ട്.
വഴിപാട് കൗണ്ടറിലെ രണ്ട് അലമാരകളും തുറന്നിട്ടുണ്ടെങ്കിലും ഇതിനകത്ത് പുസ്തകത്തിനുള്ളിലായി സൂക്ഷിച്ചിരുന്ന ഇരുപത്തിആറായിരം രൂപ മോഷ്ടിക്കപ്പെട്ടിട്ടില്ല. ക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ നിന്ന് മോഷ്ടാക്കള്‍ ഉപേക്ഷിച്ചെതെന്നു കരുതുന്ന കൈയുറ, ഷര്‍ട്ട്, തുണികള്‍, സ്‌ക്രൂഡ്രൈവര്‍ നാണയങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഇതിനു മുമ്പും ക്ഷേത്രത്തില്‍ കവര്‍ച്ചകള്‍ നടന്നിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. 2009 മുതല്‍ മലബാര്‍ ദേവസ്വത്തിന് കീഴിലാണ് ക്ഷേത്രം.