നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം; ചാത്തന്‍ കാവിലൂടെ ബസ് സര്‍വീസ്‌

Posted on: September 18, 2013 11:39 am | Last updated: September 18, 2013 at 11:39 am

കുന്ദമംഗലം: നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ച് ചാത്തന്‍കാവിലൂടെ ബസോട്ടം തുടങ്ങി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തന്‍കാവ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായ ബസ് സര്‍വീസാണ് യാഥാര്‍ഥ്യമായത്. നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇത് വഴി ബസുകള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മില്‍മ, അറപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങിയവയിലേക്കുള്ള യാത്രക്കാര്‍ ബസില്ലാത്തതിനാല്‍ ബസിന് മിനിമം ചാര്‍ജുള്ള കുന്ദമംഗലം, പെരിങ്ങൊളം ഭാഗത്തേക്ക് വന്‍തുക നല്‍കി ഓട്ടോകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. ഇതിന് പരിഹാരമായാണ് കുന്ദമംഗലം-ചാത്തന്‍കാവ്-കുരിക്കത്തൂര്‍ വഴി പുവാട്ടുപറമ്പിലേക്ക് പുതുതായി ബസ് സര്‍വീസ് തുടങ്ങിയത്.
ആദ്യ സര്‍വീസിന് നാട്ടുകാര്‍ സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്തംഗം എം പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.