Connect with us

Sports

ഫെഡറേഷന്‍ കപ്പ് കേരളത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കേരളത്തില്‍ നടക്കും. 2014 ജനുവരി ഒന്ന് മുതല്‍ 12വരെ നടക്കുന്ന ടൂര്‍ണമെന്റ് കൊച്ചിയിലും മലപ്പുറത്തുമായി നടത്താനാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) ആലോചിക്കുന്നത്. ഐ ലീഗില്‍ ടീമില്ലാത്ത സംസ്ഥാനം എന്ന നിലയിലാണ് കേരളത്തെ പരിഗണിച്ചത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം വീണ്ടും ഫെഡറേഷന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1991ലാണ് അവസാനമായി കേരളത്തില്‍ ടൂര്‍ണമെന്റ് നടന്നത്.
ഫെഡറേഷന്‍ കപ്പില്‍ മാറ്റുരക്കുന്ന ടീമുകളെ എ ഐ എഫ് എഫ് പ്രഖ്യാപിച്ചിരുന്നെങ്കിലും വേദി തീരുമാനിക്കപ്പെട്ടിരുന്നില്ല. നിലവില്‍ ഐ ലീഗില്‍ കളിക്കുന്ന 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. ഇവക്ക് പുറമെ രണ്ട് ടീമുകള്‍ക്ക് കൂടി അവസരമുണ്ടാകും. ഈ ടീമുകളെ പിന്നീട് പ്രഖ്യാപിക്കും. അതേസമയം ഐ ലീഗില്‍ ടീമുകളില്ലാത്തതിനാല്‍ ആതിഥേയ ടീം എന്ന നിലയിലുള്ള പ്രാതിനിധ്യം കളിക്കളത്തില്‍ കേരളത്തിനുണ്ടാകില്ല എന്ന നിരാശ ബാക്കി നില്‍ക്കും. എങ്കിലും ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പ്രകടനങ്ങള്‍ മലായാളിക്ക് നേരിട്ട് കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണയും ഫെഡറേഷന്‍ കപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീം ഉണ്ടായിരുന്നില്ല.
മഞ്ചേരിയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ട്. ഇതിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഐ പി എല്‍ മോഡലിലുള്ള ഫുട്‌ബോള്‍ മാമാങ്കത്തിനും കേരളം പരിഗണക്കപ്പെടുന്നുണ്ട്. ഈസ്റ്റ് ബംഗാളാണ് നിലവിലെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാര്‍.

Latest