ഈജിപ്ത് ബ്രദര്‍ഹുഡ് വക്താവ് അറസ്റ്റില്‍

Posted on: September 18, 2013 12:36 am | Last updated: September 18, 2013 at 12:36 am

jihad-haddad2-320x195-780985കൈറോ: രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുറ്റം ആരോപിക്കപ്പെട്ട ഈജിപ്ത് ബ്രദര്‍ഹുഡ് നേതാവും പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവുമായ ജിഹാദ് അല്‍ ഹദ്ദാദിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രണ്ട് ബ്രദര്‍ഹുഡ് നേതാക്കള്‍ക്കൊപ്പം കൈറോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍വെച്ചാണ് ഹദ്ദാദിനെ അറസ്റ്റ് ചെയ്തത്.
അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അനുകൂലമായി നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുകയും പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തിരുന്ന ഹദ്ദാദിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൈറോയിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.
മുര്‍സിയെ പുറത്താക്കിതിന് ശേഷം നിരവധി ബ്രദര്‍ഹുഡ് നേതാക്കളെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമാസക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതടക്കമുള്ള സമാനമായ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിച്ചത്. ജിഹാദിന്റെ അറസ്റ്റ് ബ്രദര്‍ഹുഡിന് കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മുഹമ്മദ് ബദീഅ് അടക്കം നിരവധി ബ്രദര്‍ഹുഡ് നേതാക്കള്‍ പോലീസ് കസ്റ്റഡിയിലാണ്.