അഞ്ച് റെയില്‍ പദ്ധതികള്‍; 8,230 കോടി ദിര്‍ഹം ചെലവ്‌

Posted on: September 17, 2013 11:04 pm | Last updated: September 17, 2013 at 11:04 pm

അബുദാബി: യു എ ഇയില്‍ അഞ്ച് വ്യത്യസ്ത റെയില്‍ പദ്ധതികള്‍ക്ക് 8,230 കോടി ദിര്‍ഹം ചെലവു ചെയ്യുന്നുണ്ടെന്ന് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇത്തിഹാദ് റെയില്‍, അബുദാബി മെട്രോ, അബുദാബി ലൈറ്റ് റെയില്‍, ദുബൈ മെട്രോ, അല്‍ സുഫൂ ട്രാം വേ എന്നിവക്കാണ് ഇത്രയും തുക ചെലവു ചെയ്യുന്നത്. പദ്ധതികള്‍ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു.
വാഹന ഗതാഗത രംഗത്ത് കുതിച്ചു ചാട്ടമാണ് വരാന്‍ പോകുന്നത്. ഗതാഗതക്കുരുക്ക് അവസാനിക്കും. റോഡപകടങ്ങള്‍ കുറയും. പദ്ധതികളില്‍ ഇത്തിഹാദ് റെയില്‍ ആണ് വലുത്. യു എ ഇയിലെ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതാണിത്. ഒന്നാം ഘട്ടത്തില്‍ ശാസൂര്‍ പ്രകൃതിവാതക കേന്ദ്രത്തില്‍ നിന്ന ഹബ്ശാനിലേക്ക് സള്‍ഫര്‍ എത്തിക്കുന്ന പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഈ വര്‍ഷം പൂര്‍ത്തിയാകും. 628 കിലോമീറ്ററിലാണ് ഇത്തിഹാദ് പാത. ദുബൈ മെട്രോ ബ്ലൂ, ഗോള്‍ഡ്, പര്‍പ്പിള്‍ ലൈനുകള്‍ 2030 ഓടെ പൂര്‍ത്തിയാകും. മെട്രോയെ ഇത്തിഹാദുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.