ആര്യാടന്റെ കൈവെട്ടുമെന്ന് ഭീഷണി: നാസര്‍ ഫൈസി കൂടത്തായി അറസ്റ്റില്‍

Posted on: September 17, 2013 3:04 pm | Last updated: September 17, 2013 at 3:22 pm

nasar faizy koodathaiകണ്ണൂര്‍:: ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയ എസ് കെ എസ് എസ് എഫ് നേതാവ് നാസര്‍ ഫൈസി കൂടത്തായി അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ്‌ കൂടത്തായിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു.

തളിപ്പറമ്പിലെ ഓണപ്പറമ്പില്‍ സുന്നി പള്ളിയും മദ്‌റസയും അടിച്ചുതകര്‍ത്തത് ന്യായീകരിക്കാന്‍  വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് നാസര്‍ ഫൈസി ആര്യാടനെതിരെ ഭീഷണി മുഴക്കിയത്. ആഭ്യന്തരവകുപ്പില്‍ ഇടപെട്ടാല്‍ കൈവെട്ടുമെന്നായിരുന്നു വിഘടിത നേതാവിന്റെ ഭീഷണി. ഇത് കൂടാതെ അനുമതിയില്ലാതെ പൊതുസ്ഥലത്ത് സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനും ഇദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു.

അനുവാദമില്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 142, 143,283 എന്നീ വകുപ്പുകള്‍ പ്രകാരവും ഭീഷണിപ്പെടുത്തിയതിന് 506(1) റെഡ് വിത്ത് ഐ പി സി പ്രകാരവുമാണ് കേസെടുത്തത്. പോലീസിനെ വിളിച്ച് തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ആര്യാടന്‍ ശ്രമിക്കുകയാണെന്നായിരുന്നു കൂടത്തായിയുടെ ആരോപണം. ‘ഇയാള്‍ക്ക് സ്വന്തം വകുപ്പ് നോക്കിയാല്‍ പോരേ, ആഭ്യന്തര വകുപ്പില്‍ എന്താണ് കാര്യം. സ്വന്തം വകുപ്പ ്‌നോക്കാതെ ആഭ്യന്തര വകുപ്പില്‍ കൈയിട്ടാല്‍ ആര്യാടന്റെ കൈവെട്ടാനും ഞങ്ങള്‍ തയ്യാറാണ്. കാന്തപുരത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത്. അത് സമ്മതിക്കാന്‍ മനസ്സില്ല. ഓണപ്പറമ്പ് സംഭവത്തില്‍ ചെങ്കൊടി പാറിക്കാനാണ് സി പി എം ശ്രമം’ ഈ രൂപത്തിലായിരുന്നു കൂടത്തായിയുടെ വിവാദപ്രസംഗം. പ്രകോനപരമായ പ്രസംഗം മുഴുവനും പോലീസ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.