സിവില്‍ സപ്ലൈസ് നിര്‍ദേശത്തിന് പുല്ലുവില; റേഷന്‍കടകള്‍ തുറന്നില്ല

Posted on: September 16, 2013 7:24 am | Last updated: September 16, 2013 at 7:24 am

വടകര: ഓണം പ്രമാണിച്ച് തുടര്‍ച്ചയായി അവധിയുള്ളതുകൊണ്ട് ഇന്നലെ (ഞായര്‍) റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന സിവില്‍ സപ്ലൈസ് നിര്‍ദേശം റേഷന്‍കടയുടമകള്‍ ലംഘിച്ചു. ഓണം സ്‌പെഷ്യല്‍ പഞ്ചസാര ഈ വര്‍ഷം എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഈ മാസം 20 വരെ ഇവ വിതരണം ചെയ്തിരിക്കണമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചത്.
13 രൂപ 50 പൈസക്കാണ് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര നല്‍കുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം കട അവധിയായാല്‍ ഭൂരിപക്ഷം കാര്‍ഡ് ഉടമകള്‍ക്കും പഞ്ചസാര ലഭിക്കില്ല. ഇക്കാര്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഞായറാഴ്ച ദിവസവും റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പഞ്ചസാര വിതരണം നടത്തിയില്ലെങ്കില്‍ റേഷന്‍ കടയുടമകള്‍ക്ക് ഇത് വന്‍ ലാഭത്തിന് പുറത്തേക്ക് മറിച്ച് വില്‍ക്കാം.
സിവില്‍ സപ്ലൈസിന്റെ അറിയിപ്പ് പ്രകാരം റേഷന്‍സാധനങ്ങള്‍ വാങ്ങാനെത്തിയ കാര്‍ഡുടമകളാണ് കടയടച്ചത് കാരണം ഉത്രാട നാളില്‍ വെറും കൈ യോടെ മടങ്ങേണ്ടിവന്നത്. ഇക്കാര്യത്തില്‍ പല കാര്‍ഡുടമകളും വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ ബന്ധപ്പെട്ടു. ഞായറാഴ്ച സിവില്‍ സപ്ലൈസ് ഓഫീസും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും ഉദ്യോഗസ്ഥരാരും ഹാജരാകാത്തത് കാരണം കാര്‍ഡുടമകളും കാര്യമറിയാതെ കുഴങ്ങി.