Connect with us

Palakkad

തൊഴിലുറപ്പുപദ്ധതി ഇനി കാര്‍ഷിക മേഖലയിലേക്കും

Published

|

Last Updated

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതി ഇനി കാര്‍ഷിക മേഖലയിലേക്കു കൂടി. തെങ്ങിന്റെ ചുവടു കിളക്കല്‍, പച്ചക്കറി കൃഷി, മഴക്കുഴി നിര്‍മാണം എന്നീ പ്രവൃത്തികളാണ് ഇത്തരത്തില്‍ ചെയ്യുക. തൊഴിലുറപ്പു പണികള്‍ കാടു വെട്ടലിലും പുല്ലു ചെത്തുന്നതിനും ഒതുങ്ങുകയാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ഇതോടെ പദ്ധതി ഉപകരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ കര്‍ഷകന്റെയും തെങ്ങിന്‍ തോപ്പുകളും പച്ചക്കറിതോട്ടങ്ങളുമാണ് പദ്ധതി പ്രകാരം വൃത്തിയാക്കുക. 50 സെന്റില്‍ താഴെ ഭൂമിയുള്ളവരുടെ കൃഷിഭൂമിയിലാണ് പ്രവൃത്തികള്‍. തെങ്ങിന്‍ചുവട് ആഴത്തില്‍ കിളക്കുക, കാടുവെട്ടുക, കുടിവെളളക്ഷാമം പരിഹരിക്കുന്നതിനു മഴക്കുഴികള്‍ നിര്‍മിക്കുക എന്നിവയാണ് ഇവര്‍ ചെയ്യുക. ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ പത്ത് വാര്‍ഡുകളിലും ഇത്തരത്തിലുള്ള പണികള്‍ക്കു തുടക്കമായി. തെങ്കര പഞ്ചായത്തിനു പുറമേ കാരാകുറിശി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍ എന്നീ പഞ്ചായത്തുകളിലും ഇത്തരത്തില്‍ പണികള്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ടു തന്നെ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ് തൊഴിലുറപ്പുപദ്ധതി. ശക്തമായ മഴയെ അവഗണിച്ചുപോലും തെങ്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തൊഴിലുറപ്പുപദ്ധതി സജീവമാണ്. മണ്ണാര്‍ക്കാട് ബ്ലോക്കില്‍നിന്ന് നേരിട്ടാണ് ഇപ്പോള്‍ തെങ്കരയിലെ തൊഴിലാളികള്‍ക്ക് പണി നല്‍കുന്നത്. നെല്‍കൃഷി മേഖലയിലേക്കു കൂടി തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകും. ഇതോടെ ഇപ്പോള്‍ പദ്ധതിയില്‍ അംഗങ്ങളല്ലാത്തവര്‍ പോലും പദ്ധതിയില്‍ ചേരുകയും ചെയ്യും.