കൊച്ചി: മരുന്ന് നിര്‍മാതാക്കള്‍ വ്യാപാരികളുടെ കമ്മീഷന്‍ വെട്ടിക്കുറച്ചതിനെതിരെ ആള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷ(എ കെ സി ഡിഎ) ന്റെ ബഹിഷ്‌കരണ സമരം ആരംഭിച്ചു. വന്‍കിട ഉത്പാദകരുടെ മരുന്നുകള്‍ ഇനി മുതല്‍ വില്‍പ്പനക്ക് എടുക്കില്ലെന്നാണ് എ കെ സി ഡി എയുടെ തീരുമാനം.
ഗ്ലാക്‌സോ, സിപ്ല, മാന്‍കൈന്‍ഡ് തുടങ്ങിയ നിര്‍മാതാക്കളുടെ മരുന്നുകളാണ് ബഹിഷ്‌കരിക്കുന്നത്. പകരം ന്യായമായ കമ്മീഷന്‍ നല്‍കുന്ന മറ്റ് കമ്പനികളുടെ മരുന്നുകള്‍ ലഭ്യമാക്കും. ബഹിഷ്‌കരണം ആരംഭിച്ചെങ്കിലും അവധി ദിനങ്ങളായതിനാല്‍ ഓണത്തിനു ശേഷമേ വിപണിയില്‍ ചലനമുണ്ടാകൂ. ഉപരോധം തുടര്‍ന്നാല്‍ അടുത്ത ദിവസം തന്നെ അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യത്തിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍
അതേസമയം, അവശ്യസാധന നിയമം, മരുന്നുവില നിയന്ത്രണ നിയമം എന്നിവ പ്രകാരം മരുന്നുകള്‍ ഉപരോധിക്കുന്നതും വില്‍ക്കാതിരിക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്നിരിക്കേ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ബഹിഷ്‌കരണത്തിന്റെ പേരില്‍ മരുന്നു കടകളില്‍ റെയ്ഡ് നടത്താനോ ലൈസന്‍സ് റദ്ദാക്കാനോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായാല്‍ മരുന്നു കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 348 അവശ്യ മരുന്നുകളുടെ വില കുറക്കാനാണ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി മരുന്നുത്പാദകരോട് ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് 30 ശതമാനത്തോളം മരുന്നുകളുടെ വില ഗണ്യമായി കുറഞ്ഞതോടെ ഇവയുടെ കമ്മീഷനാണ് 2 മുതല്‍ നാല് ശതമാനം വരെ കുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.
കമ്മീഷന്‍ കുറഞ്ഞതില്‍ ഉള്ള പ്രതിഷേധവും ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുടെ ഇടപെടലുകളോടുള്ള അസഹിഷ്ണുതയുമാണ് എ കെ സി ഡി എയെ മരുന്ന് ഉപരോധത്തിന് പ്രേരിപ്പിച്ചത്. മരുന്ന് ഉപരോധത്തിലൂടെ നിയമലംഘനം നടത്താന്‍ സംഘടന രഹസ്യമായാണ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റു കമ്പനികളുടെ വില കുറഞ്ഞ ജനറിക് മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്യുമെന്നാണ് എ കെ സി ഡി എയുടെ നിലപാട്. പക്ഷേ, ഡോക്ടര്‍മാര്‍ ജനറിക്ക് മരുന്നുകള്‍ എഴുതാറില്ല, അവര്‍ എഴുതുന്ന കമ്പനി മരുന്നുകള്‍ മാറ്റി നല്‍കാന്‍ വില്‍പ്പനക്കാര്‍ക്ക് അധികാരവുമില്ല. ഇതോടെ മരുന്നു ക്ഷാമം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.