കുട്ടിക്കാലത്തെ ഓണാഘോഷം

  Posted on: September 15, 2013 9:45 pm | Last updated: September 16, 2013 at 12:36 am
  SHARE

  Sudheer Rajanഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് എന്റെ കുട്ടിക്കാലത്തെ ഓണം. ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്തെ ഓണാഘോഷമാണ്. ഇപ്പോഴത്തെ തിരക്കേറിയ ജീവിതരീതിയില്‍ നിന്ന് വളരെ വലിയ അന്തരം തന്നെയുണ്ടായിരുന്നു അന്നത്തെ ഓണത്തിന്. തനി നാട്ടിന്‍പുറത്തായിരുന്നു എന്റെ വീട്. മൂന്ന് വശങ്ങളിലും വയലുകള്‍. അതില്‍ ചിങ്ങക്കൊയ്ത്ത് കഴിഞ്ഞ് എള്ളും പയറും കൃഷി ചെയ്തിരിക്കും. ഇളം തെന്നലില്‍ ഇളകിയാടുന്ന എള്ളിന്‍ ചെടികള്‍ കാണുന്നതുതന്നെ മനസ്സിന് ഒരു പ്രത്യേക കുളിര്‍മയാണ്. ഓണ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം, അത്തത്തിന്റെ അന്നുമുതല്‍ തുടങ്ങുന്ന ആഘോഷങ്ങളും തിരക്കും.

  അമ്മ ഓണത്തിനുമുമ്പുതന്നെ തേങ്ങ ആട്ടിവെച്ച വെളിച്ചെണ്ണയില്‍ പലതരം ഉപ്പേരികളും മുറുക്ക് തുടങ്ങിയ പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. ഉപ്പേരി വറുത്തുതുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ കുട്ടികളുടെ പ്രധാന ഭക്ഷണം ഉപ്പേരിയാണ്. അമ്മ കാണാതെ ഉപ്പേരി മോഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു കുളിര്‍മയായി മനസ്സിലേക്ക് ഓടിവരും. ബ്രിട്ടാനിയ ബിസ്‌കറ്റിന്റെ വലിയ ടിന്നില്‍ നിറച്ചുവെച്ചിരുന്ന ഉപ്പേരിയും മുറുക്കും എപ്പോഴും ഞങ്ങളുടെ ആകര്‍ഷണമായിരുന്നു. വീടിന്റെ പിന്‍ഭാഗത്തുള്ള വലിയ രണ്ട് തെങ്ങിലായി വലിച്ചുകെട്ടിയ വടത്തിലാണ് ഊഞ്ഞാല്‍ ഇടാറുള്ളത്. അയലത്തുള്ള കൂട്ടുകാരുമായി ചില്ലാട്ടം പറക്കാന്‍ മത്‌സരിച്ച് വീണത് ഇന്നും ഒരു മറുകായ് എന്റെ കാലിലുണ്ട്.

  വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ അത്തപ്പൂക്കളം ഇടുന്ന പതിവില്ലായിരുന്നു. എന്നാലും അയലത്തെ വീട്ടില്‍ പൂക്കളം ഒരുക്കാന്‍ ഞാനും കൂടാറുണ്ട്.
  കൂട്ടുകാരുമായി വീടുകളും തൊടികളും തോറും അലഞ്ഞുനടന്ന് പൂക്കള്‍ശേരിച്ച് എന്നും വൈകിട്ട് പൂക്കളം ഒരുക്കും. തിരുവോണത്തിന്റന്ന് വിളക്കും ഗണപതിക്കുള്ള അവില്‍ പഴം തുടങ്ങിയവയും വെച്ച് അമ്മമാര്‍ തിരുവാതിര കളിക്കും. തലപ്പന്ത് കളി, കബഡികളി, പട്ടംപറത്തല്‍ അങ്ങനെ എന്തെല്ലാം കളികള്‍. രാവിലെതന്നെ കൂട്ടുകാരുമായി കൊയ്ത്ത് കഴിഞ്ഞ പാടത്തേക്ക് ഇറങ്ങിയാല്‍ പിന്നെ അമ്മയുടെ അടി പേടിച്ചാണ് തിരിച്ചു കയറുന്നത്. പട്ടംപറത്തല്‍ ഒരു മത്സരം തന്നെയായിരുന്നു. നൂല്‍ വലിയ ചുരുളായി ചുറ്റിയിട്ട് കാറ്റിന്റെ ദിശയ്ക്ക് എതിരായാണ് പട്ടം പറത്തുന്നത്. ഒരുചുരുള്‍ കഴിയുമ്പോള്‍ അടുത്ത ചുരുള്‍ കൂട്ടികെട്ടി വീണ്ടും ഉയരത്തിലേക്ക് കയറ്റും. അവസാനം ഒരു പൊട്ടുപോലെ നമുക്ക് പട്ടത്തിനെ കാണാന്‍പറ്റൂ. പിന്നെ പട്ടത്തിനെ അതുപോലെ താഴെ ഇറക്കണം. പട്ടം മേല്‍ക്കാറ്റ് പിടിച്ചുകഴിഞ്ഞാല്‍ പിന്നെ ഇറക്കാന്‍ പ്രയാസമാണ്. അപ്പോള്‍പിന്നെ ഷേവിങ്ങ് ബ്ലേഡ് നൂലില്‍ക്കൂടി കയറ്റിവിട്ട് പൊട്ടിച്ച്കളയും. പൊട്ടിയ പട്ടത്തിന്റെ പുറകെ കിലോമീറ്ററുകളോളം ഓടാറുണ്ടായിരുന്നു.onam 2

  ഓണക്കാലത്തെ എന്റെ ഏറ്റവും വലിയപേടി പുലികളിയായിരുന്നു. പുലിയുടെ വേഷംകെട്ടി ചെണ്ട കൊട്ടുമായി വീട്‌വീടാന്തരം കയറുന്ന പുലിയും അതിനെ വെടിവെക്കാന്‍ വരുന്ന വേട്ടക്കാരനും. കളിയുടെ അവസാനം വെടിപൊട്ടുന്നതിനു മുമ്പെ ഞാന്‍ അയല്‍പക്കം പിടിച്ചിരിക്കും. ഓണത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു ഓണക്കോടി. ചിങ്ങമാസമാകുമ്പോഴെ അമ്മ ഓണക്കോടി എടുത്ത് തൈയ്യല്‍ക്കാരനെ ഏല്‍പിക്കും. പിന്നെ അത് തയച്ച് കിട്ടുന്നതുവരെ ആകാംഷയോടെയുള്ള കാത്തിരുപ്പാണ്. തിരുവോണത്തിന്റെ അന്ന് അതും ധരിച്ചാണ് നടപ്പ്. തിരുവോണത്തിന് വീട്ടില്‍ ഒരു ഉത്സവ പ്രതീതിയാണ്. ദൂരത്തുനിന്ന് ബന്ധുക്കള്‍ ഒക്കെ വരും. അമ്മ രണ്ടുതരം പായസവും പഴം പപ്പടം തുടങ്ങിയവയും കൂട്ടി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാക്കും. എല്ലാവരും കുളിച്ച് ഓണക്കോടിയും ധരിച്ച് വാഴയിലയില്‍ ചോറുണ്ണും. പിന്നെ ഞങ്ങള്‍ കുട്ടികള്‍ തൊടിയിലേക്ക് ഇറങ്ങിയാല്‍ സന്ധ്യവരെ കളികളാണ്. ചതയദിനത്തില്‍ പായിപ്പാട്ടാറ്റിലെ വള്ളം കളികാണാന്‍ പോകുന്നത് ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നു. മിക്കവാറും അച്ചനും ഞങ്ങള്‍ കുട്ടികളുമായിട്ടാവും പോകുന്നത്. ഒരു ജനമഹാസമുദ്രംതന്നെ കാണും പായിപ്പാട് ആറിന്റെ കരയില്‍. ആര്‍പ്പുവിളികളും ബഹളവും ഒക്കെആയിട്ട് ഒരു ഉത്സവം തന്നെയായിരുന്നു. ചുണ്ടന്‍വള്ളങ്ങള്‍ മത്സരിച്ച് തുഴഞ്ഞുവരുമ്പോള്‍ ആവേശംകൊണ്ട് കരക്ക് ഇരിക്കുന്നവര്‍ ആറ്റില്‍ ചാടുന്നത് കണുന്ന നമുക്കും ആവേശം അടക്കാന്‍ കഴിയില്ല. അങ്ങനെ ഒരിക്കലും മായാത്ത കുറെ ഓര്‍മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഈ പ്രവാസജീവിതത്തിലും ഓണം കഴിയുന്നതും ആഘോഷമാക്കാന്‍ ശ്രമിക്കാറുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here