ദൃശ്യഭാവങ്ങളുടെ നേരറിവുകളിലേക്ക് മിഴി തുറന്ന് ‘കാഴ്ച’ പ്രദര്‍ശനം

Posted on: September 15, 2013 1:18 am | Last updated: September 15, 2013 at 1:18 am

മലപ്പുറം: ദൃശാനുഭവങ്ങളുടെ നേരറിവുകളിലേക്ക് വെളിച്ചം വീശി ജില്ലാ സാഹിത്യോത്സവ് വേദിയില്‍ ഒരുക്കിയ കാഴ്ച പ്രദര്‍ശനം നവ്യാനുഭവമായി.
ചരിത്രവും വര്‍ത്തമാനവും ഇഴചേരുന്ന അപൂര്‍വ ഫോട്ടോകളും എസ് എസ് എഫിന്റെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന രേഖകളും വാര്‍ത്തകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഈജിപ്ത്, ഡമസ്‌കസ്,ഒമാന്‍, ഉസ്ബസ്‌കിസ്ഥാന്‍ തുടങ്ങിയ ദേശങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങള്‍, കഅ്ബയുട താക്കോല്‍, പ്രവാചകന്‍ (സ) അയച്ച കത്ത് തുടങ്ങിയവയുടെ അപൂര്‍വ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. എസ് എസ് എഫിന്റെ രൂപവത്കരണം മുതല്‍ സംഘടന പിന്നിട്ട പ്രവര്‍ത്തനവഴികളെ പരിചയപ്പെടുത്തുന്ന ഫോട്ടോകളും രേഖകളും പ്രദര്‍ശനത്തിന്റെ സവിശേഷതയാണ്. വര്‍ത്തമാന കാലത്ത് അന്യം നിന്ന് പോകുന്ന കാഴ്ചകളുടെ അനേകം ഭാവങ്ങള്‍ ഒപ്പിയെടുത്ത് പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ വ്യത്യസ്തങ്ങളായ അനേകം ചിത്രങ്ങളും പ്രദര്‍ശനത്തിന് മിഴിവേകുന്നു. വിവിധ സ്റ്റാളുകളിലായി ഒരുക്കിയ കാഴ്ച കാണാന്‍ അനേകം കാഴചക്കാരെത്തിയിരുന്നു.