കലയുടെ വര്‍ണച്ചാര്‍ത്തിന് ഇന്ന് തിരശ്ശീല

Posted on: September 15, 2013 1:16 am | Last updated: September 15, 2013 at 1:16 am

Sahithyotsav-logoമലപ്പുറം: അറബനയുടെ താളം… ദഫിന്റെ മേളം… മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍… നിലക്കാത്ത വാക്ശരങ്ങള്‍… വരയുടെ വര്‍ണച്ചാര്‍ത്തുകള്‍… ഉറങ്ങാതെ മലപ്പുറം. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ രണ്ടാം ദിനത്തെ മലപ്പുറം നെഞ്ചേറ്റു വാങ്ങി.
വേദികളില്‍ ഇടവേളകളില്ലാതെ മത്സരങ്ങള്‍ മുറുകിയപ്പോള്‍ സംസ്ഥാന കലോത്സവത്തിന് വേദിയായ ജില്ലയിലെ കലാസ്വാദകര്‍ക്കത് വേറിട്ട അനുഭവമായി. രാത്രി ഏറെ വൈകി നടന്ന ദഫ്, അറബന മത്സരങ്ങള്‍ വീക്ഷിക്കാന്‍ പ്രധാന വേദിയായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് സ്മാരക ടൗണ്‍ഹാള്‍ നിറഞ്ഞ് കവിഞ്ഞു. ജനറല്‍ വിഭാഗം സംഘഗാനവും വേദി രണ്ടില്‍ നടന്ന സബ്ജൂനിയര്‍ കഥപറച്ചിലും ആസ്വാദകരുടെ മനം നിറച്ചു. നാളെക്ക് നല്ല വാഗ്മികള്‍ സാഹിത്യോത്സവ് വേദികളില്‍ നിന്ന് പിറവികൊള്ളുമെന്ന് ഉറപ്പാക്കി നടന്ന പ്രസംഗ മത്സരങ്ങളിലും വീറും വാശിയും നിറഞ്ഞ് നിന്നു. സമാകാലിക ലോകത്തെ സംഭവ വികാസങ്ങളും മതവും ശാസ്ത്രവും സാഹിത്യവും പ്രസംഗ പീഠങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേട്ടു. ചാനലുകളിലെ മനം മടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് വെല്ല് വിളി ഉയര്‍ത്തി തനത് സംഗീതവുമായാണ് വിദ്യാര്‍ഥികള്‍ സാഹിത്യോത്സവ് വേദിയിലെത്തിയത്.
ഇസ്‌ലാമിക പൈതൃകത്തിന്റെ പെരുമ പറയുന്ന മാലയും മൗലിദുകളും പടപ്പാട്ടുകളും പ്രവാചക സ്‌നേഹ ഗീതങ്ങളും സദസിന് അനിര്‍വചനീയമായ ആസ്വാദന അനുഭവങ്ങളാണ് പകര്‍ന്നത്. മൂന്ന് ദിവസത്തെ സാഹിത്യവിരുന്നിന് ഇന്ന് സമാപനമാകുമ്പോള്‍ വിജയക്കിരീടം ആരുടെ കൈകളിലെത്തുമെന്നാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കിരീടം നഷ്ടമായ മഞ്ചേരി, കൊണ്ടോട്ടി ഡിവിഷനുകള്‍ ഇത്തവണ വിജയം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. തിരൂരങ്ങാടി ഡിവിഷനായിരുു കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന സംഗമം സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍, എം ബി രാജേഷ് എം പി, വിശിഷ്ടാതിഥികളായിരിക്കും.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നിര്‍വഹിക്കും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി സന്ദേശ പ്രഭാഷണം നിര്‍വ്വഹിക്കും. പി എം മുസ്തഫ മാസ്റ്റര്‍, ക്ലാരി ബാവ മുസ്‌ലിയാര്‍, വി അബ്ദുഹാജി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ഇ മുഹമ്മദ് കുഞ്ഞി, അഡ്വ: കെ മോഹന്‍ദാസ്, കെ പി അനില്‍, എം കെ മുഹ്‌സിന്‍, എ എ റഹീം, സി കെ ശക്കീര്‍ സംബന്ധിക്കും.