വ്യാപാരിയെ മര്‍ദിച്ച സംഭവം: പ്രതിഷേധ പ്രകടനം നടത്തി

Posted on: September 15, 2013 12:29 am | Last updated: September 15, 2013 at 12:29 am

പുലാപ്പറ്റ: പുലാപ്പറ്റയില്‍ വ്യാപാരിയെ സി ഐ ടി യു തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി.
ജംഗ്ഷനിലുള്ള ക്വീന്‍ മേരി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കെ ജെ തോമസിനും പിതാവ് ജോസഫിനുമാണ് മര്‍ദ്ദനമേറ്റത്. കോങ്ങാട് പോലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് സാധനങ്ങള്‍ കൊടുത്ത വകയില്‍ ഒരു സി ഐ ടിയു തൊഴിലാളിയില്‍ നിന്നും കിട്ടാനുണ്ടായിരുന്ന 3000 രൂപ ചോദിച്ചതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പണംകൊടുത്തു തീര്‍ത്തശേഷം ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് സംഘടിച്ചെത്തിയവര്‍മ ര്‍ദ്ദിക്കാനും കാരണമായത്. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇന്നലെ വ്യാപാരികള്‍ വൈകുന്നേരം മൂന്ന് മുതല്‍ നാല് വരെ കടകള്‍ അടച്ചിട്ടു. ഉമ്മനഴിവരെ പ്രകടനവും നടത്തി. യോഗം ജില്ലാ സെക്രട്ടറി എം മേനോന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സെക്രട്ടറി പി വി ജോര്‍ജ്, ജോ. സെക്രട്ടറി പി എ സജീവ് കുമാര്‍ പ്രസംഗിച്ചു.