Connect with us

Palakkad

ഗവ. എസ് എം എച്ച് 125ന്റെ നിറവില്‍

Published

|

Last Updated

ചിറ്റൂര്‍: 125-ാം വാര്‍ഷികം ആഘോഷിക്കുകയാണ് തത്തമംഗലം ഗവ എസ് എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും കായിക ക്ഷമത വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിലാണു തത്തമംഗലം ഗവ എസ് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ ജിജി ജോസഫും ശിഷ്യരും. ശാരീരികക്ഷമത പദ്ധതിയിലെ ഏറ്റവും ആകര്‍ഷകവും ഫലപ്രദവുമായ ഇനമാണ് എയ്‌റോബിക്‌സ്. താളാത്മകവും ആകര്‍ഷകവുമായ ചലനങ്ങളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പ്രാണവായു എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ വ്യായാമ മുറക്കുള്ളത്. ഇവിടെ പെണ്‍കുട്ടികള്‍ക്ക് മാത്രമായാണ് എയ്‌റോബിക്‌സ് പരിശീലിപ്പിക്കുന്നത്. പ്രത്യേക സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തച്ചുവടുകള്‍ക്ക് സമാനമായി ചെയ്യുന്ന പരിശീലനം വിരസതയോ ശാരീരിക ക്ലേശമോ സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ ആവേശത്തോടെ ഈ വ്യായാമത്തില്‍ പങ്കെടുക്കുന്നു.—
മനസിന്റെ പിരിമുറുക്കം കുറക്കാനും ആയാസരഹിതമായി പഠിക്കാനും സൗഹാര്‍ദ്ദത്തോടെ ഇടപഴകാനും എയ്‌റോബിക്‌സ് സഹായകമാകുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആണ്‍കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന പിരമിഡ് രൂപീകരണം ഏറെ ഏകാഗ്രത ആവശ്യമുള്ളതാണ്. വിദ്യാര്‍ഥികള്‍ ഒന്നിനുമേല്‍ ഒന്നായി കയറി നിന്ന് വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്നു. ചിട്ടയായ പരിശീലനം ഇതിനു കൂടിയേ തീരൂ. ഏകാഗ്രതയോടൊപ്പം സംഘബോധവും ഊട്ടിയുറപ്പിക്കുകയാണ് പിരമിഡ് രൂപീകരണത്തിന്റെലക്ഷ്യം.
കായികമേളകളില്‍ തിളങ്ങുന്ന താരങ്ങളെ സൃഷ്ടിക്കുന്ന വിദ്യാലയമാണിത്. തായ്‌ക്കോണ്‍ഡോ മല്‍സരത്തില്‍ ദേശീയതലത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ ഈ സ്‌കൂളിന്റെ അഭിമാനമാണ്. ഇക്കഴിഞ്ഞ റവന്യു ജില്ലാ തായ്‌ക്കോണ്‍ഡോ മല്‍സരത്തില്‍ ചിറ്റൂര്‍ ഉപജില്ലയെ ഒന്നാം സ്ഥാനത്തെത്തിച്ചത് എട്ട് സ്വര്‍ണം നേടിയ ഈ വിദ്യാലയത്തിന്റെ മികച്ച പ്രകടനമായിരുന്നു. ജൂഡോയില്‍ സംസ്ഥാന വിജയികളെയും പ്രധാനം ചെയ്തിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ടേബിള്‍ ടെന്നിസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്തിട്ടുണ്ട്. സ്‌കൂള്‍ മൈതാനമില്ലാത്തത് പോരായ്മയാണ്. വോളിബോള്‍ പരിശീലനവും നടക്കുന്നുണ്ട്. യുപി തലം മുതല്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി നല്‍കുന്ന കൃത്യമായ പരിശീലനമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് കായികാധ്യാപകന്‍ ചൂണ്ടിക്കാണിക്കുന്നു. 125-ാം വാര്‍ഷികം ആഘോഷിക്കുന്ന ഗവ എസ് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കാന്‍ മുഴുവന്‍ അധ്യാപകരും അധ്യാപക-രക്ഷാകര്‍തൃ സമിതിയും പൂര്‍വ വിദ്യാര്‍ഥി സംഘടനയും സജീവമായി രംഗത്തുണ്ട്.