ഡല്‍ഹി പീഡനക്കേസിലെ അതിവേഗ തീര്‍പ്പ്

Posted on: September 14, 2013 6:00 am | Last updated: September 13, 2013 at 11:07 pm

SIRAJ.......ഡല്‍ഹി പീഡന കേസില്‍ കുറ്റക്കാരായി കണ്ട നാല് പേര്‍ക്കും കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 16ന് പാതിരാവില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വെച്ചു കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി അതിവേഗ കോടതി ഇന്നലെ ശിക്ഷ പ്രഖ്യാപിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും പുറമേ പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകശ്രമം, അസ്വാഭാവിക നടപടികള്‍, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചിട്ടുണ്ട്.
ആയിരക്കണക്കിന് സ്ത്രീപീഡനക്കേസുകള്‍ രാജ്യമെമ്പാടുമുള്ള കോടതികളുടെ പരിഗണനയിലുണ്ട്. ഡല്‍ഹി സംഭവത്തെ പോലെ ഒരുപക്ഷേ അതേക്കാള്‍ നിഷ്ഠൂരമായ പീഡനങ്ങള്‍. വര്‍ഷങ്ങളുടെ പഴക്കമുള്ള അത്തരം കേസുകളിലെ ഇരകള്‍ നീതിക്കായി കാത്തിരിക്കുമ്പോള്‍ ഡല്‍ഹി പീഡനക്കേസില്‍ ഒമ്പത് മാസത്തിനുള്ളില്‍ തന്നെ വിധിപ്രസ്താവമുണ്ടായതും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിച്ചതും സ്വാഗതാര്‍ഹമാണ്. രാജ്യത്തെ വിവിധ കോടതികളില്‍ മൂന്ന്‌കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് നിയമമന്ത്രി അശ്വിനി കൂമാര്‍ അടുത്തിടെ വെളിപ്പെടുത്തിയത്. 2013 ജനുവരി 31 വരെയുള്ള കണക്കുപ്രകാരം സുപ്രീം കോടതിയില്‍ മാത്രം 66,569 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവയില്‍ 44,702 കേസുകള്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളവയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
അടുത്ത കാലത്തായി രാജ്യത്ത് നടന്ന സ്ത്രീപീഡനക്കേസുകളില്‍ ഏറ്റവും ശ്രദ്ധ പിടിച്ചപറ്റിയതാണ് ഡല്‍ഹി പീഡനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചാനലുകളും പത്രങ്ങളും നന്നായി ആഘോഷിച്ച സംഭവം. ഡല്‍ഹി സംഭവത്തിന് മുമ്പും ശേഷവും രാജ്യത്തെമ്പാടും സ്ത്രീപീഡനങ്ങളുണ്ടായി. ഡല്‍ഹിയില്‍ മാത്രം ഈ വര്‍ഷം ആഗസ്റ്റ് 31 വരെ 1,121 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രക്കിടെ സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. തിരൂരില്‍ ശിശുവിനെ ഒരു കാമവെറിയന്‍ ക്രൂരമായ പീഡനത്തിരയാക്കി. അതിനൊന്നും ലഭിക്കാത്ത വാര്‍ത്താപ്രാധാന്യം മാധ്യമങ്ങള്‍ ഡല്‍ഹിക്ക് നല്‍കിയപ്പോള്‍ അത് ദേശീയ തലത്തില്‍ ശ്രദ്ധേയമാകുകയും അടുത്ത കാലത്തൊന്നും രാജ്യം ദര്‍ശിച്ചിട്ടില്ലാത്ത പ്രതിഷേധ കൊടുങ്കാറ്റ് വീശിയടിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വിധിപ്രസ്താവവും പതിവില്‍ കവിഞ്ഞ വാര്‍ത്താപ്രാധാന്യം കൈവരിച്ചു. ഒരു സംഭവത്തെ പര്‍വതീകരിക്കുന്നതിലും നിസ്സാരവത്കരിക്കുന്നതിലും മാധ്യമങ്ങള്‍ക്കുള്ള കഴിവ് സമൂഹത്തിന് ബോധ്യപ്പെടാന്‍ അവസരമൊരുക്കിയെന്ന നിലയിലും ഡല്‍ഹി സംഭവം വേറിട്ടു നില്‍ക്കുന്നു.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരവെ, അതിനെതിരെ കണ്ണടക്കാനാകില്ലെന്നും കുറ്റകൃതൃത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി യോഗേഷ്ഖന്ന വധശിക്ഷ വിധിച്ചത്. കഠിന ശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ സ്ത്രീപീഡനങ്ങള്‍ തടയാനാകൂ എന്ന ജഡ്ജിയുടെ നിലപാട് സ്വാഗതം ചെയ്യുമ്പോള്‍ തന്നെ അത്തരം ശിക്ഷാവിധികളെ പോലും വ്യര്‍ഥമാക്കുന്ന വിധം രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിച്ചു വരികാണെന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഡല്‍ഹി സംഭവത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയും നിയമം കൂടുതല്‍ കര്‍ക്കശമാക്കി പാര്‍ലമെന്റ് ബില്‍ പാസാക്കുകയും ചെയത ശേഷവും അവിടെ പീഡനങ്ങളുടെ നിരക്ക് ക്രമാതീതമായി ഉയരുകയാണെന്നാണ് ഡല്‍ഹി പോലീസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. ഈ മാസം മൂന്നിന് മാത്രം അഞ്ച് സ്ത്രീപീഡനക്കേസുകളാണ് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
നിയമത്തിന്റെ അപര്യാപ്തതയും കടുത്ത ശിക്ഷയുടെ അഭാവവും മാത്രമല്ല, നിലവിലെ സാമൂഹിക ചുറ്റുപാടുകളും സ്ത്രീകളുടെ നിലപാടുകളില്‍ വന്ന മാറ്റവും കൂടിയാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ധനക്ക് കാരണം. പുരുഷന്മാരുമായി ഇടപഴകുന്നതില്‍ മുന്‍കാലങ്ങളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയരുന്ന സ്തീസമൂഹം ഇന്ന് അച്ചടക്കത്തിന്റെ സര്‍വ സീമകളും ലംഘിച്ചാണ് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ക്യാമ്പസുകളിലെ യുവതീയുവാക്കളുടെ സൈ്വരവിഹാരത്തിനും സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിയാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്ന ചാനല്‍സംസ്‌കാരത്തിനുമൊക്കെ നിലവിലെ മലീമസമായ ചുറ്റുപാടിലും പീഡനങ്ങളുടെ പെരുപ്പത്തിലും പങ്കുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നവര്‍ സ്ത്രീകളെ പ്രാകൃത യുഗത്തിലേക്ക് തിരിച്ചു നടത്തുകയാണെന്ന് പരിഹസിക്കുന്നവര്‍ യാഥാര്‍ഥ്യത്തിന് നേരെ മുഖം തിരിക്കുകയാണ്.

ALSO READ  എണ്ണവിപണിയില്‍ തീവെട്ടിക്കൊള്ള