ജയാനന്ദന്‍ ഇനിയും ജയില്‍ ചാടും

Posted on: September 14, 2013 6:00 am | Last updated: September 13, 2013 at 11:06 pm

poojappuraപതിനഞ്ച് വര്‍ഷം മുമ്പ് പ്രമുഖ കന്നഡ നാടക സംവിധായകന്‍ ഉലുഗപ്പ കട്ടിമണി കര്‍ണാടക ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ ഒരു ആശയം വെച്ചു-‘തിേയറ്റര്‍ തെറാപ്പി’. നാടകത്തിലൂടെ തടവുകാരിലെ കുറ്റവാസനകളെ ഉന്മൂലനം ചെയ്യുന്ന രീതി. പദ്ധതി ജയില്‍ വകുപ്പ് അംഗീകരിച്ചതോടെ കട്ടിമണിക്ക് അതീവ സുരക്ഷയുള്ള ജയിലുകള്‍ക്കകത്തേക്ക് വാതില്‍ തുറന്നു. സാമ്പത്തിക പിന്‍ബലവുമായി സ്റ്റേറ്റ് ബേങ്ക് ഓഫ് മൈസൂരും കര്‍ണാടക സാംസ്‌കാരിക വകുപ്പും. പല കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട, പല പ്രകൃതക്കാരായ തടവുകാര്‍. അവര്‍ക്കായി നാല്‍പ്പത്തിയഞ്ച് ദിവസത്തെ നാടക ശില്‍പ്പശാല. അഭിനയ പാഠങ്ങളില്‍ അവരൊന്നായി. പിന്നെ, ഷേക്‌സ്പിയറുടെ കിംഗ് ലിയര്‍, ജൂലിയസ് സീസര്‍, മാക്ബത്ത്, ഹാംലറ്റ് തുടങ്ങിയ നാടകങ്ങള്‍ക്കുള്ള കളിയൊരുക്കം. കുറ്റബോധത്താല്‍ നീറുന്ന ഷേക്‌സ്പിയറുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന തടവുകാരുടെ മനസ്സ് പതുക്കെ ഉരുകിയൊലിക്കാന്‍ തുടങ്ങി. പരിശീലനം കഴിഞ്ഞ് ജയിലുകളില്‍ നിന്ന് ജയിലുകളിലേക്കും വന്‍ നാടകോത്സവങ്ങളിലേക്കുമുള്ള നാടകയാത്രകള്‍. പോലീസ് സന്നാഹങ്ങളോടെയുള്ള ആ യാത്രയില്‍ അവര്‍ നാടകത്തെ പ്രണയിക്കാന്‍ തുടങ്ങി. ഒരു ജയിലിലും ഒരു തടവുകാരനും അന്നോളം ലഭിക്കാത്ത സ്വാതന്ത്ര്യം അവര്‍ അനുഭവിച്ചു.
ആ സ്വാതന്ത്ര്യം ഒരു തടവുകാരനെങ്കിലും ദുരുപയോഗം ചെയ്തിരുന്നെങ്കില്‍ ആ നാടക പരീക്ഷണത്തിന് അന്നേ തിരശ്ശീല വീഴേണ്ടതും പല ജയിലധികൃതരുടെയും തൊപ്പി തെറിക്കേണ്ടതുമായിരുന്നു. ഷേക്‌സ്പിയര്‍ നാടകങ്ങള്‍ക്ക് മാത്രമായുള്ള ഒരു ദേശീയ നാടകോത്സവത്തിനിടെ ഇത്തരം ഒരു അപകടത്തിനുള്ള സാധ്യതയെ കുറിച്ച് തിരക്കിയപ്പോള്‍ നാടക സംവിധായകന്‍ ഉലുഗപ്പ കട്ടിമണിയും ജയില്‍ ഡി ജി പിയും നിസ്സംശയം പറഞ്ഞു-”’രക്ഷപ്പെട്ടുകൊള്ളാന്‍ പറഞ്ഞാല്‍ പോലും അവരില്‍ ഒരാളും പോകില്ല. ഇപ്പോള്‍ അവരുടെ മനസ്സ് നിറയെ നാടകമാണ്. നാടകം പകര്‍ന്നുനല്‍കിയ നന്മകളാണ്. തങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും വസന്തം വന്നണയുമെന്ന ആത്മവിശ്വാസമാണ്.’
ഇനി കേരളത്തിലെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് വരാം. ജീവിതത്തെ കുറിച്ചുള്ള നിറസ്വപ്‌നങ്ങളൊക്കെയും പൊലിഞ്ഞുപോയ, ഒരു തൂക്കുകയര്‍ സ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്ന ഏതോ രാത്രിയിലാകാം റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചത്. തൂക്കുകയറിന് മുന്നില്‍ നിന്ന് ജീവിക്കാനുള്ള ആര്‍ത്തിയിലേക്ക് ആ കൊടുംകുറ്റവാളി ചാടിപ്പോയത് മൂന്ന് മാസം മുമ്പാണ്. പ്രത്യേക അന്വേഷണ സംഘം നാടാകെ അരിച്ചുപെറുക്കുമ്പോള്‍ ജയാനന്ദന്‍ സുരക്ഷിതമായ ഏതെങ്കിലും താവളത്തില്‍ ഒളിഞ്ഞിരിപ്പായിരുന്നില്ല. അരയില്‍ ചുമരും മറ്റും തുരക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്‌ക്രൂ ഡ്രില്ലറുമായി അയാള്‍ സാംസ്‌കാരിക മണ്ഡലത്തിന്റെ ഓരം ചേര്‍ന്ന് പോലീസിന്റെ കണ്‍മുന്നിലൂടെ നടന്നു. ഭരണകൂടത്തെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഇടതുപക്ഷം തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടത്തിയ രാപകല്‍ സമരത്തില്‍ ഒരു ‘സമരഭടനായി’ ഇരുന്നു. സാഹിത്യ അക്കാദമി ഹാളില്‍ ബുദ്ധിജീവിയായിരുന്ന് നാടക-സിനിമാ സംവിധായകന്‍ പ്രിയനന്ദന്റെ പ്രസംഗം ശ്രവിച്ചു. സംഗീത കമ്പക്കാരനായി ഗാനമേളക്ക് താളം പിടിച്ചു. അവിചാരിതമായി പോലീസിന്റെ പിടിയിലായപ്പോള്‍ കല തന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് ജയാനന്ദന്‍ വെളിപ്പെടുത്തി. ‘സേതുരാമയ്യര്‍ സി ബി ഐ’ എന്ന സിനിമയിലെ കലാഭവന്‍ മണിയുടെ കഥാപാത്രമാണത്രെ അരും കൊലകള്‍ക്ക് പ്രേരണയായത്.
വീണ്ടും കര്‍ണാടക ജയിലിലേക്ക്. ഷേക്‌സ്പിയര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരുന്ന ഒരു തടവുകാരന്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആലോചിച്ചു: ”എന്നെ സമൂഹം എപ്രകാരമാസും സ്വീകരിക്കുന്നത്? മാന്യമായി ജീവിക്കാന്‍ എനിക്കാര് തൊഴില്‍ തരും?” നാടകം നല്‍കിയ ആത്മവിശ്വാസത്തില്‍ ആ മുന്‍ കുറ്റവാളി കുറച്ച് പശുക്കളെ വാങ്ങി സ്വന്തം നാട്ടില്‍ പാല്‍ക്കച്ചവടം തുടങ്ങി. പാല്‍ പോലെ പരിശുദ്ധമാണ് ഇപ്പോള്‍ ആ മനസ്സെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ക്ക് പിന്നീട് അയാളുടെ പാല്‍ തന്നെ വേണമെന്ന് നിര്‍ബന്ധമായി. കാരണം, ആ പാലില്‍ ഒരു തുള്ളിപോലും വെള്ളം ചേര്‍ത്തിരുന്നില്ല.
നമ്മുടെ ജയിലുകളില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുന്നവരില്‍ ഇതേപോലെ എത്ര പേരെ കാണാനാകും? എന്തുകൊണ്ടാണ് ദീര്‍ഘകാലത്തെ ജയില്‍വാസത്തിനു ശേഷവും കുറ്റവാളികള്‍ കുറ്റവാളികളായി തന്നെ ഒടുങ്ങിപ്പോകുന്നത്്? ശിക്ഷാ കാലാവധി കഴിഞ്ഞ് പൊതുസമൂഹത്തിലേക്കിറങ്ങുന്നവര്‍ക്ക് കുറ്റവാസനകളെ ജയിലഴികള്‍ക്കകത്ത് ഇറക്കിവെച്ച് പുറത്തുകടക്കാന്‍ കഴിയേണ്ടതല്ലേ? തടവുകാരെ ജോലി ചെയ്യിക്കാന്‍ വേണ്ടി വാഴ വെപ്പിക്കുകയും പിന്നീട് ആ വാഴയില്‍ കയറി തടവുകാര്‍ രക്ഷപ്പെട്ടുകളയുമെന്ന ഭീതിയില്‍ വാഴ വെട്ടി നശിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ ജയിലധികൃതര്‍ക്ക് ഷേക്‌സ്പിയര്‍ കഥാപാത്രങ്ങളിലൂടെ തടവുകാരിലെ കുറ്റവാസനകളെ കഴുകിക്കളഞ്ഞ ഉലുഗപ്പ കട്ടിമണി നല്‍കിയത് വലിയൊരു സന്ദേശമാണ്. മൃഗശാലയില്‍ മൃഗങ്ങളെ എന്നപോലെ കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങള്‍ മാത്രമായി ജയിലുകള്‍ ചുരുങ്ങിപ്പോകുന്നിടത്താണ് ബന്ധപ്പെട്ട വകുപ്പ് കൈകാര്യക്കാര്‍ ഭാവനാശൂന്യരായി മാറുന്നത്. ഓരോ മനുഷ്യനും ചെയ്യുന്ന ഓരോ കുറ്റകൃത്യത്തിനും സാമൂഹികമോ വൈയക്തികമോ ആയ ഒരു കാരണമുണ്ടാകാം. ഈ തിരിച്ചറിവില്‍ നിന്ന് വേണം ഓരോ കുറ്റവാളിയെയും സമീപിക്കേണ്ടത്. ഷേക്‌സ്പിയറുടെ കഥാപാത്രങ്ങള്‍ക്ക് കുറ്റവാളികളെ സ്വയം തിരുത്താനും തിരിച്ചറിവുകളിലേക്ക് ഉണര്‍ത്താനും സാധിച്ചെങ്കില്‍ കാര്യങ്ങള്‍ എത്രയോ തരത്തിലും വിതാനത്തിലും മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പ്. ഇതിന് ആദ്യം വേണ്ടത് ഉലുഗപ്പ കട്ടിമണിയുടെ മനസ്സ്. പിന്നെ, ലക്ഷ്യത്തെയും മാര്‍ഗത്തെയും കുറിച്ചുള്ള വ്യക്തതയും.

ALSO READ  ഉപഭോക്താവാണ് ഇനി രാജാവ്