എം ജി രജിസ്ട്രാറെ തിരിച്ചെടുക്കണം: സുപ്രീം കോടതി

Posted on: September 14, 2013 5:55 am | Last updated: September 13, 2013 at 10:55 pm

ന്യൂഡല്‍ഹി: എം ജി സര്‍വകലാശാലാ രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി. യൂനിവേഴ്‌സിറ്റി നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഉണ്ണിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനുള്ള സിന്‍ഡിക്കേറ്റ് നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്ന് എം ആര്‍ ഉണ്ണിയെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉണ്ണിയുടെ യോഗ്യതകള്‍ സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ആറ് മാസം അവധിയില്‍ പ്രവേശിക്കാന്‍ ആയിരുന്നു സിന്‍ഡിക്കേറ്റ് നിര്‍ദേശം. എന്നാല്‍ നിര്‍ദേശം അനുസരിക്കാതിരിക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നിരാകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.