കഞ്ചാവ് കടത്തിയ മൂന്ന് പേരെ പോലീസ് പിടികൂടി

Posted on: September 13, 2013 8:58 pm | Last updated: September 13, 2013 at 9:15 pm

കാസര്‍കോട്: തീവണ്ടി മാര്‍ഗം മുംബൈയില്‍നിന്നും കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി മൂന്നുപേരെയും ഓട്ടോ ഡ്രൈവറേയും ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പനവേലില്‍ ഹോട്ടല്‍ ജോലിക്കാരനായ തളങ്കര കെ കെ പുറത്തെ മുഹമ്മദ് റിയാസ്(35), റിയാസിന്റെ അമ്മാവന്‍ തെരുവത്ത് സിറാമിക്‌സ് റോഡിലെ കെ എം അബ്ദുല്‍ സത്താര്‍(53), റിയാസിന്റെ സഹോദരന്‍ തളങ്കര കെ കെ പുറത്തെ കെ എ ഇംത്യാസ്(29), ഓട്ടോഡ്രൈവര്‍ സിറാമിക്‌സ് റോഡിലെ എം നൗഷാദ്(31) എന്നിവരെയാണ് കാസര്‍കോട് ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, എസ് ഐ. ടി ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുംബൈയില്‍നിന്നും മുഹമ്മദ് റിയാസാണ് തീവണ്ടി മാര്‍ഗം കഞ്ചാവ് കാസര്‍കോട്ടേക്ക് എത്തിച്ചത്. ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ എത്തുന്നതിനു തൊട്ടു മുമ്പ് കഞ്ചാവടങ്ങുന്ന ബാഗ് പള്ളം റെയില്‍വേ ട്രാക്കിന് പുറത്തേക്ക് വലിച്ചെറിയുകയും ഇവിടെ കാത്തുനിന്ന മറ്റുള്ളവര്‍ ബാഗ് എടുത്തു വരുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. റിയാസിനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍വെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. രണ്ടു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടിയത്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.