മോഡിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

Posted on: September 13, 2013 6:35 pm | Last updated: September 14, 2013 at 5:03 pm
SHARE

modiforstorypage_350_122612035858ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് മോഡിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്‍ കെ അഡ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് മോഡിയെ പ്രഖ്യാപിച്ചത്. മോഡി അഡ്വാനിയെ കണ്ട് ആശീര്‍വാദം തേടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

അശോക റോഡിലെ ബി ജെ പി ആസ്ഥാനത്ത് ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം. എല്‍ കെ അഡ്വാനി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗം 15 മിനുട്ട് മാത്രമാണ് നീണ്ടുനിന്നത്. എല്‍ കെ അഡ്വാനി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മോഡി അഡ്വാനിയെ കണ്ട് ആശീര്‍വാദം തേടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

അഡ്വാനിയെ മയപ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് നേരത്തെ അനുരഞ്ജന നീക്കങ്ങള്‍ നടത്തിയെങ്കിലും ഇത് പാളുകയായിരുന്നു. കഴിഞ്ഞ ദിവസം അഡ്വാനിയുടെ വസതിയിലെത്തി രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റു ബി ജെ പി നേതാക്കളും  അഡ്വാനിയെ മയപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും വിജയം കണ്ടിരുന്നില്ല. അഡ്വാനി തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ അഡ്വാനിയെ മറികടന്ന് ബി ജെ പി മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസ്സോറാം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞൈടുപ്പിന് ശേഷം മതി സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന നിലപാടാണ് അഡ്വാനിക്കുള്ളത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ വേണമെന്ന ആര്‍ എസ് എസിന്റെ കടുംപിടുത്തത്തിന് വഴങ്ങി ബി ജെ പി ഉടന്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

വലിയ ദൗത്യമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും മോഡി പറഞ്ഞു. അഴിമതി,വികസനം,വിലക്കയറ്റം എന്നിവ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിശയമാക്കുമെന്നും മോഡി പറഞ്ഞു.