ഖാദി മേളയില്‍ തൊട്ടില്‍ മുതല്‍ ദിവാനി കോച്ച് വരെ

Posted on: September 13, 2013 11:29 am | Last updated: September 13, 2013 at 11:29 am

കണ്ണൂര്‍: കണ്ണൂര്‍ ഖാദി ടവറിലെ ഗ്രാമസൗഭാഗ്യയില്‍ ഖാദി മേളയില്‍ ചൂരല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറി. തുണിത്തരങ്ങള്‍ക്കൊപ്പം കരവിരുതില്‍ തീര്‍ത്ത ചൂരല്‍ ഫര്‍ണിച്ചറുകളാണ് മേളയുടെ ഇത്തവണ സവിശേഷത. നവജാത ശിശുക്കള്‍ക്കുള്ള തൊട്ടില്‍ മുതല്‍ ആഡംബരങ്ങളുടെ പ്രതീകമായ ഫര്‍ണിച്ചറുകള്‍ വരെ മേളയില്‍ ലഭ്യമാണ്. കൊല്ലം ജില്ലയിലെ ഉമ്മന്നൂരിലെ ഖാദി യൂനിറ്റിലാണ് ചൂരലുകള്‍ ഫര്‍ണിച്ചറുകളായി രൂപം മാറുന്നത്. ഇവിടെയുള്ള തൊഴിലാളികള്‍ക്കു പ്രത്യേക പരിശീലനം നല്‍കിയാണ് ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നത്.
ഓരോ വര്‍ഷവും നിലവിലുള്ള ശൈലിക്കു പുറമെ പുതിയ ശൈലിയില്‍ കൂടിയുള്ള ഉത്പന്നം വിപണിയിലിറക്കുന്നുഎന്നതാണ് ഉമ്മന്നൂര്‍ യൂണിറ്റിന്റെ സവിശേഷത. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ഉത്പന്നങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിച്ചത്. മേളയിലെത്തിച്ച തീന്‍മേശ, സോഫാ സെറ്റ്, ദിവാനി കോച്ച് എന്നിവ ഇതിനുദാഹരങ്ങളാണ്. 14,000 രൂപയാണ് തീന്‍ മേശയുടെ വില. ആറുപേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ളതാണ് തീന്‍മേശ. സോഫാ സെറ്റിന് 11,700 രൂപ മുതല്‍ 28,500 രൂപവരെയാണ് വില. ദിവാനി കോച്ചിന് 8259 രൂപയും റോക്കി ചെയറിന് 4225 രൂപയുമാണ് വില. 1950 രൂപമുതല്‍ 2340 രൂപ വരെയുള്ള ചൂരല്‍ കസാലകളും 880 രൂപമുതല്‍ 2600 രൂപവരെയുള്ള ഊഞ്ഞാലും ലഭ്യമാണ്. തൊട്ടിലിന് 1950 രൂപയ്ക്കു തൊട്ടിലും 2450 രൂപയ്ക്കു ഈസി ചെയറും ലഭിക്കും. കരകൗശലമികവും ഈടു നില്‍പ്പും ചൂരല്‍ ഉത്പന്നങ്ങളെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്. ചൂരലുകള്‍ പ്രത്യേക രീതിയില്‍ സംസ്‌കരിച്ചു കര്‍ശന ഗുണപരിശോധനയ്ക്കു ശേഷമാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. നിര്‍മാണത്തിനു ശേഷവും ഗുണപരിശോധന ഉറപ്പു വരുത്തിയാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. അതേ സമയം ചൂരലുകളുടെ ലഭ്യത കുറവാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നു ഗ്രാമസൗഭാഗ്യ മാനേജര്‍ ഫാറൂഖ് പറഞ്ഞു. ഓര്‍ഡറുകള്‍ക്കനുസരിച്ചു ഉത്പന്നങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് ഗ്രാമസൗഭാഗ്യ കണ്ണൂരില്‍ ആകെ രണ്ടു കോടിയുടെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ഇതിനകം 1.30 കോടി രൂപയുടെ വ്യാപാരം ഇതിനകം നടന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില്പന കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. ഖാദി സില്‍ക്കിനായി ഇവിടെ പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിവിധ ഖാദി യൂണിറ്റുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.