Connect with us

Kozhikode

വിലക്കയറ്റം തടയാന്‍ കടകളില്‍ സംയുക്ത റെയ്ഡ്

Published

|

Last Updated

വടകര: ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ്, പോലീസ്, റവന്യൂ, ലീഗല്‍ മെട്രോളജി, സെയില്‍സ് ടാക്‌സ്, ഹെല്‍ത്ത് എന്നീ വകുപ്പുകള്‍ സംയുക്തമായി വടകരയില്‍ റെയ്ഡ് നടത്തി. വടകര ടൗണിലെ പലചരക്ക് കടകള്‍, ഹോട്ടല്‍, മത്സ്യമാര്‍ക്കറ്റ്, ഇറച്ചിക്കട, പച്ചക്കറികട എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ വടകര മത്സ്യമാര്‍ക്കറ്റില്‍ രേഖകളില്ലാതെ സൂക്ഷിച്ച ഒരു ത്രാസും ഒന്‍പത് തൂക്കക്കട്ടികളും പിടിച്ചെടുത്തു. തൂക്കക്കട്ടികള്‍ അഞ്ച് എണ്ണം മത്സ്യമാര്‍ക്കറ്റില്‍ നിന്നും നാല് എണ്ണം ബീഫ് സ്റ്റാളില്‍ നിന്നുമാണ് പിടിച്ചെടുത്തത്. തൂക്കക്കട്ടിയില്‍ അഞ്ച് മുതല്‍ പതിനഞ്ച് ഗ്രാം വരെ കുറവും കണ്ടെത്തി. ബീഫ് സ്റ്റാളില്‍ നിന്നും പിടിച്ചെടുത്ത തൂക്കക്കട്ടിയില്‍ 70 ഗ്രാം കുറവ് കണ്ടെത്തി. ബീഫ്-മട്ടന്‍ സ്റ്റാളുകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വൃത്തിയാക്കി സൂക്ഷിക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് പെട്ടിയില്‍ മത്സ്യം സൂക്ഷിച്ചതും പരിശോധനയില്‍ കണ്ടെത്തി.
വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ബീഫ്-മട്ടണ്‍-കോഴി സ്റ്റാളുകളില്‍ പരിശോധനാ സമയത്ത് തന്നെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. സവാളക്ക് തോന്നിയ വില ഈടാക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡിലെ വ്യാപാരികള്‍ കിലോവിന് 56 രൂപക്ക് വില്‍ക്കുമ്പോള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ 60 രൂപയാണ് ഈടാക്കുന്നത്. വില അറുപത് രൂപയില്‍നിന്ന് 57 രൂപയാക്കി കുറക്കാന്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സഹകരണ ആശുപത്രിക്ക് സമീപം സവാള മൊത്ത വ്യാപാരിയുടെ ഗോഡൗണുകളില്‍ നിന്ന് മുദ്രപതിപ്പിക്കാത്ത മുന്നൂറ് കിലോ അളവ് തൂക്കയന്ത്രവും കൃത്യമായ സ്റ്റോക്ക് രജിസ്റ്റര്‍ ഇല്ലാത്തതും കണ്ടെത്തി.
ഇക്കാര്യത്തില്‍ ലീഗല്‍ മെട്രോളജിയും സെയില്‍ ടാക്‌സും സിവില്‍ സപ്ലൈസും കേസെടുത്തു. പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ ഇസ്മാഈല്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ സത്യന്‍, ടി സി സജീവന്‍, കെ സി സതീശന്‍, എന്‍ ജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ്, ലിഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ കെ നാസര്‍, ഇന്‍സ്‌പെക്ടര്‍ അസിസ്റ്റന്റ് സുനില്‍, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ്, സെയില്‍സ്ടാക്‌സ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്‍, എ എസ് ഐ പ്രഭാകരന്‍ നേതൃത്വം നല്‍കി.