Connect with us

National

തെലങ്കാന: വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി

Published

|

Last Updated

ഹൈദരാബാദ്: സംസ്ഥാനം വിഭജിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്ര മേഖലയിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഇതോടെ ഹൈദരാബാദ് അടക്കമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രായലസീമാ, തീര ആന്ധ്ര മേഖലയിലെ 13 ജില്ലകളിലെ 30,000 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 20,000 കരാര്‍ തൊഴിലാളികള്‍ കൂടി ചേരുന്നതോടെ വൈദ്യുതി രംഗം പൂര്‍ണമായി സ്തംഭിക്കും.
7,196 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തെ സമരം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നാല് സംസ്ഥാനങ്ങളെ (ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം) ബന്ധിപ്പിക്കുന്ന സതേണ്‍ ഗ്രിഡിലെ വൈദ്യുതി ഒഴുക്കിനെയും സമരം ബാധിക്കും. അര്‍ധ രാത്രി ആരംഭിച്ച സമരം വൈദ്യുതി വിതരണം താളം തെറ്റിച്ചതോടെ ഹൈദരബാദടക്കമുള്ള നഗരങ്ങളില്‍ നാല് മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി സംസാരിച്ചിരുന്നു. സമരം മാറ്റി വെക്കാന്‍ ജീവനക്കാര്‍ സന്നദ്ധത അറിയിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി സംയുക്ത സമരസമിതി മുന്നോട്ട് വരികയായിരുന്നു. 72 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്നാണ് പ്രഖ്യാപനം. തെലങ്കാനാ രൂപവത്കരണവുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
സംസ്ഥാനത്തെ ഭൂരിഭാഗം ജല, താപ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് സീമാന്ധ്ര മേഖലയിലാണ്. ജലസേചനത്തിനായി വന്‍തോതില്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കുന്ന തെലങ്കാനാ മേഖലയിലെ കര്‍ഷകരെ സമരം ഗുരുതരമായി ബാധിക്കും. ആറ് ലക്ഷത്തോളം വരുന്ന സംസ്ഥാന ജീവനക്കാരും അധ്യാപകരും കഴിഞ്ഞ മാസം 13 മുതല്‍ സമരത്തിലാണ്. സമരങ്ങള്‍ മേഖലയിലെ ഭരണസംവിധാനത്തെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്.

Latest