Connect with us

Idukki

കിടപ്പാടം അനുവദിക്കാന്‍ കൈക്കൂലി വാങ്ങവെ ബി ഡി ഒ വിജിലന്‍സ് പിടിയില്‍

Published

|

Last Updated

ഇടുക്കി: കേന്ദ്ര ഭവന പദ്ധതിയുടെ ഉപഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങിയ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. ദേവികുളം ബി ഡി ഒ. എം ജി അജയകുമാറിനയൊണ് തൊടുപുഴ വിജിലന്‍സ് ഡി വൈ എസ് പി. രതീഷ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലേ കാലോടെ പൂപ്പാറ സ്വദേശിയില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേയാണ് പിടിയിലായത്.
പൂപ്പാറ സ്വദേശിനിയായ യുവതിക്ക് ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നു. വീടിന് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷത്തിപതിനായിരം രൂപ ബ്ലോക്കില്‍ നിന്നും നല്‍കി. പിന്നീട് അന്‍പതിനായിരം രൂപയും കൈമാറി. എന്നാല്‍ കൈക്കൂലിയായി 5,000 രൂപ നല്‍കാതെ ബാക്കി തുകയായ 40,000 നല്‍കില്ലെന്ന നിലപാട് ബി ഡി ഒ സ്വീകരിച്ചു. നിരവധി തവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും തുക നല്‍കാന്‍ ഓഫീസര്‍ തയാറാകാതെ വന്നതോടെ അപേക്ഷക തൊടുപുഴ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ 5,000 രൂപ കൈമാറുമ്പോള്‍ ഓഫീസ് വളഞ്ഞ് വിജിലന്‍സ് സംഘം അജയകുമാറിനെ പിടികൂടി. ഇയാളുടെ മേശയില്‍ നിന്നും വസ്ത്രത്തില്‍ നിന്നുമായി കണക്കില്‍പ്പെടാത്ത വന്‍ തുകയും പിടിച്ചെടുത്തിട്ടുണ്ട്. കൈക്കൂലിയായി ലഭിച്ച തുക വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വിജിലന്‍സ് സംഘം സാഹസികമായി പിടികൂടി. സി ഐമാരായ ജില്‍സണ്‍ മാത്യു, സാം ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ മത്തായി ബേബി, താജുദ്ദീന്‍, ഷാജുമോന്‍, ഓഫീസര്‍മാരായ സുനില്‍ കുമാര്‍, രമേശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Latest