ആയിക്കരയ പ്രശ്‌നം: ഇന്ന് ചര്‍ച്ച

Posted on: September 12, 2013 7:41 am | Last updated: September 12, 2013 at 7:41 am

കണ്ണൂര്‍: ആയിക്കരയിലെ ആധുനികമത്സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ 11ന് നഗര സഭ ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ആയിക്കര മത്സ്യ മാര്‍ക്കറ്റ് ഹാളിലാണ് യോഗം നടക്കുക. നഗരസഭയിലെ ലീഗ് കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും. മത്സ്യ വില്‍പനയമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രശ്‌നം ഉടലെടുത്തത്. ആധുനിക മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി തൊഴിലാളികളോട് കച്ചവടം ഹാര്‍ബറിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ ഒന്‍പത് വരെയും ഒരു മണിമുതല്‍ വൈകീട്ട് വരെയുമാണ് കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. രാവിലെ ഒന്‍പതിന് ശേഷം മത്സ്യ മൊത്ത ചില്ലറ കച്ചവടം കടപ്പുറത്തും മറ്റു സ്ഥലങ്ങളിലും നടത്തണമെന്ന നിര്‍ദേശമാണ് നഗരസഭ നല്‍കിയത്. എന്നാല്‍ എല്ലാ സമയവും ഇവിടെ കച്ചവടം നടത്തുന്നതായി തോണികളിലും മറ്റു മത്സ്യബന്ധം നടത്തുന്ന ചെറുകിട തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. രാവിലെ ഒന്‍പതിന് ശേഷം ഇവിടെ കച്ചവടം ചെയ്യുന്നതിനായി റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാരണം ഗതാഗത തടസം ഉണ്ടാവുന്നുണ്ട്. നഗരസഭയുമായി ചര്‍ച്ച ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതുമായി നഗരസഭ അംഗങ്ങള്‍തന്നെ കുറ്റപ്പെടുത്തുന്നു. നഗരസഭ നടപ്പിലാക്കുന്ന പുതിയ പ്ലാന്‍ പരിശോധിച്ച് പോരായ്മകള്‍ ഇല്ലെങ്കില്‍ മാത്രമെ കച്ചവടം ഹാര്‍ബറിലേക്ക് മാറ്റുകയുള്ളുവെന്ന നിലപാടിലാണ് കച്ചവടക്കാര്‍.