ക്ഷീര കര്‍ഷകര്‍ക്ക് പുതിയ പദ്ധതികളുമായി മില്‍മ

Posted on: September 12, 2013 7:37 am | Last updated: September 12, 2013 at 7:37 am

വടക്കഞ്ചേരി: വന്‍ തോതില്‍ പശുക്കളെ വളര്‍ത്തുന്ന ഫാം ഉടമകളെ മില്‍മയിലേക്ക് ആകര്‍ഷിക്കാന്‍ മലബാര്‍ മേഖല യൂനിയന്‍ പദ്ധതി തയാറാക്കുന്നു.
ഇതിനായി ക്ഷീരോല്‍പാദക സംഘങ്ങളില്‍ പാല്‍ അളക്കുന്ന ഫാം ഉടമകളായ ക്ഷീര കര്‍ഷകര്‍ക്ക് ഫാം ഇന്‍സന്റീവ് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മില്‍മ ഭരണ സമിതിയോഗം തീരുമാനിച്ചു. പ്രതിദിനം അന്‍പതോ അതിലധികമോ ലീറ്റര്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കാണ് ഇന്‍സന്റീവ് നല്‍കുക. ലീറ്ററിന് 25 പൈസ നിരക്കിലാണ് ഇത് നല്‍കുക. മാസാവസാനം നല്ലൊരു തുക ഇത്തരത്തില്‍ ക്ഷീരകര്‍ഷകനു ലഭിക്കുമെന്നും കണക്കാക്കുന്നുണ്ട്.
തന്റെ ആവശ്യം കഴിഞ്ഞുള്ള മുഴുവന്‍ പാലും മില്‍മക്കു നല്‍കണം. മിനി ഡെയറി യൂനിറ്റുകള്‍ വ്യാപകമായ രീതിയില്‍ വര്‍ധിച്ചതോടെയാണ് ഇത്തരം ഫാമുകളെ ക്ഷീരസഹകരണ പ്രസ്ഥാനത്തോട് ഒപ്പം നിര്‍ത്തുന്നതിന് മില്‍മ ഉദ്ദേശിക്കുന്നത്.
ക്ഷീരസംഘങ്ങളുമായി ഡെയറി യൂനിറ്റുകള്‍ നല്ല ബന്ധം പുലര്‍ത്തണമെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയതായി ഡെയറി ഫാമുകള്‍ ആരംഭിക്കുന്നവര്‍ക്കും മില്‍മ ഇന്‍സന്റീവ് നല്‍കും.
ഇവര്‍ ഒരു മാസം സംഘത്തില്‍ 1500 ലീറ്റര്‍ പാല്‍ അളന്ന ശേഷമായിരിക്കും ഇത് നല്‍കുക. അര്‍ഹതയുള്ള കര്‍ഷകര്‍ക്ക് ഓരോ മാസവും അഞ്ചാം തീയതിക്കകം തുക നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. പിന്നീട് ഈ തുക സംഘത്തിനു പാല്‍വിലയില്‍ കണക്കാക്കി നല്‍കും. പാല്‍ സംഭരണം വര്‍ധിപ്പിക്കാനും കൂടുതല്‍ കര്‍ഷകരെ മില്‍മയിലേക്ക് ആകര്‍ഷിക്കാനുമാണു പദ്ധതി തയാറാക്കുന്നത്.