‘ഓമഞ്ചി’യും ‘ചാത്തു’വും ഇന്ന് മുതല്‍ സന്ദര്‍ശകരിലേക്ക്

Posted on: September 12, 2013 7:31 am | Last updated: September 12, 2013 at 7:31 am

കോഴിക്കോട്: മാസങ്ങളായി ഉദ്ഘാടനത്തിന് കാത്തിരുന്ന ശില്‍പ്പഭംഗിയില്‍ ആവിഷ്‌കരിച്ച എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചിയും യു എ ഖാദറിന്റെ വരോളിക്കാവിലെ ഓണച്ചൂട്ട് തറയിലെ ചാത്തുവും ഇന്ന് മുതല്‍ സന്ദര്‍ശകരിലേക്ക്. മാനാഞ്ചിറ സ്‌ക്വയറിലെ കുട്ടികളുടെ ലിറ്ററില്‍ പാര്‍ക്കില്‍ മൂന്ന് മാസത്തോളമായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന ഈ രണ്ട് ശില്‍പ്പങ്ങള്‍ക്കും ഇതോടെ മോചനമായി.

ഓമഞ്ചിയുടെയും ചാത്തുവിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് എഴുത്തുകാരി പി വത്സല നിര്‍വഹിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ആനാവരിയും പൊന്‍കുരിശും എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും പി വത്സലയുടെ നെല്ലിലെ മല്ലനും മാരയയും നേരത്തെ ഇവിടെ ഇടംപിടിച്ചിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ ശില്‍പ്പി ശിവനാണ് ശില്‍പ്പങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ശില്‍പ്പങ്ങള്‍ പൂര്‍ത്തീകരിച്ചത്. കഥാപാത്രങ്ങള്‍ മാത്രമല്ല, അവയുടെ ഉടമകളായ സാഹിത്യകാരമാരെ പറ്റിയുള്ള വിവരങ്ങളും ശില്‍പ്പത്തോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
പാര്‍ക്കില്‍ ശില്‍പ്പം എന്ന ആശയം നഗരസഭ അവതരിപ്പിച്ചപ്പോള്‍ തന്നെ കോഴിക്കോടുമായി ബന്ധപ്പെട്ട മലയാളത്തിലെ സാഹിത്യകാരന്മാരുടെ വിഖ്യാതകഥാപാത്രങ്ങള്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഉറൂബിന്റെ ഉമ്മാച്ചുവിലെയും തിക്കോടിയന്റെ ചുവന്നക്കടലിലെയും കഥാപാത്രങ്ങളാണ് പാര്‍ക്കിലെത്താന്‍ പോകുന്ന പുതിയ അതിഥികള്‍. എന്നാല്‍ ഈ കൃതികളിലെ ഏത് കഥാപാത്രമെന്നത് തീരുമാനിച്ചിട്ടില്ല.