നഗരത്തിലെ വൈദ്യുതി ശൃംഖല ആധുനികവത്കരിക്കുന്നു; ആദ്യഘട്ടം നവംബറില്‍

Posted on: September 12, 2013 7:30 am | Last updated: September 12, 2013 at 7:30 am

കോഴിക്കോട്: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വൈദ്യുതി വിതരണ ശൃംഖല ആധുനികവത്കരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍ എ പി ഡി ആര്‍ പിയുടെ ആദ്യഘട്ട പ്രവൃത്തി നവംബര്‍ ആദ്യവാരം തുടങ്ങും. പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ ആദ്യഘട്ട ജോലികള്‍ തുടങ്ങുന്നതിന് അനുവാദം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ സി എ ലത നിര്‍ദേശം നല്‍കി.

വൈദ്യുതി വിതരണ നഷ്ടം 15 ശതമാനം വരെ കുറക്കാനും ശൃംഖലയുടെ വിശ്വാസ്യത കൂട്ടാനും ഉദ്ദേശിച്ചുള്ള പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വകുപ്പുകളുടെ ഏകീകരണത്തിനുമായി ഓരോ വകുപ്പിലും ഓരോ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും.
198 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് സ്‌കീമുകളിലായാണ് നടപ്പില്‍ വരിക. ആദ്യ സ്‌കീം പ്രകാരം പദ്ധതി പ്രദേശത്തെ വൈദ്യുതി വിതരണം വൈദ്യുതി ഭവനിലുള്ള ഒരു കണ്‍ട്രോള്‍ റൂമില്‍ നിന്നും നിയന്ത്രിക്കുന്ന സംവിധാനത്തോടുകൂടിയതാകും. ഇതില്‍ പദ്ധതി പ്രദേശത്തെ പ്രത്യേകമായി വേര്‍തിരിച്ച് ബോര്‍ഡര്‍ മീറ്ററും ഫീഡര്‍ മീറ്ററും സ്ഥാപിച്ച് വിതരണ നഷ്ടം കൃത്യമായി കണക്കാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.
രണ്ടാമത്തെ സ്‌കീം പ്രകാരം നഗരത്തില്‍ 286 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകള്‍ നാല് ഘട്ടങ്ങളിലായി സ്ഥാപിക്കും. പ്രധാനപ്പെട്ട കവലകളിലും റോഡ് ക്രോസിംഗുകളിലും റോഡ് മുറിക്കാതെ ഭൂമി തുരന്നാണ് കേബിളുകള്‍ ഇടുക. ഇതു കൂടാതെ നഗരത്തില്‍ 624 റിംഗ്-മെയിന്‍ യൂനിറ്റുകളും 249 പുതിയ ട്രാന്‍സ്‌ഫോര്‍മറുകളും സമീപ പ്രദേശങ്ങളില്‍ പുതിയ ഓവര്‍ ഹെഡ് ലൈനുകളും സ്ഥാപിക്കുകയും നിലവിലുള്ളവ ബലപ്പെടുത്തുകയുമാണ് പദ്ധതിയിലെ പ്രധാന ജോലികള്‍.
ഓവര്‍ഹെഡ് ലൈന്‍ വലിക്കുമ്പോഴും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍ഗണനയോടെ പരിഹരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രദേശത്തെ എം എല്‍ എമാരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് അധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംബന്ധിച്ചു.