സര്‍ക്കാറിന്റെ പെന്‍ഷന്‍ ദാനം ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള തന്ത്രം: ജസ്റ്റിസ് നാസര്‍

Posted on: September 12, 2013 7:30 am | Last updated: September 12, 2013 at 7:30 am

കോഴിക്കോട്: സര്‍ക്കാറിന്റെ പെന്‍ഷന്‍ ദാനം ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള തന്ത്രമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എ എം നാസര്‍. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പെന്‍ഷന്‍ നയങ്ങളെ അട്ടിമറിക്കാനും ജഡ്ജുമാരെ സ്വാധീനിക്കാനുമാണ് വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്ക് 10,000 രൂപ പെന്‍ഷന്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നയം. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ അടക്കമുള്ള വിഷയങ്ങളില്‍ നിയമവ്യവസ്ഥയെ സ്വാധീനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവാവിന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവം. ഈ കേസ് ഒതുക്കിത്തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിയായ എസ് ഐക്കെതിരെ പ്രാധാന്യമില്ലാത്ത കേസെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് തിരുവനന്തപുരം കഴക്കൂട്ടത്ത് ജയപ്രസാദിനെ പ്രാകൃതവും മനുഷ്യത്വഹീനവുമായ മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും എ എം നാസര്‍ ആവശ്യപ്പെട്ടു.
സലിം രാജും ക്വട്ടേഷന്‍ സംഘവും തമ്മില്‍ പെട്ടെന്നുണ്ടായ ബന്ധമല്ല. ഇതറിയാവുന്ന മുഖ്യമന്ത്രി അയാളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. സരിത എസ് നായരെ മോചിതയാക്കാനുള്ള അന്വേഷണനാടകം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിഷയത്തില്‍ തന്റെ കൈയില്‍ മതിയായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് വരെ പ്രഖ്യാപനം നടത്തുന്നുണ്ട്. എന്നിട്ടും ആരോപണവിധേയനായ മുഖ്യമന്ത്രിയെ ഒഴിച്ചുനിര്‍ത്തിയുള്ള അന്വേഷണം സംശയാസ്പദമാണ്. അതുകൊണ്ട് സോളാര്‍ കേസന്വേഷണം കേരള ഹൈക്കോടതിയില്‍ ഒതുങ്ങിനില്‍ക്കില്ലെന്നും സുപ്രീം കോടതി നിര്‍ദേശിക്കുന്ന ബഞ്ചിനെ ഇതിനായി നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവാവിന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് സി അശ്വിനി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എന്‍ രാജേഷ്, ജോ. സെക്രട്ടറി വരുണ ഭാസ്‌കര്‍, ട്രഷറര്‍ എ എല്‍ റഷീദ് പങ്കെടുത്തു.