കാണികള്‍ക്ക് ആവേശക്കാഴ്ചയായി സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം

Posted on: September 12, 2013 7:29 am | Last updated: September 12, 2013 at 7:29 am

കോഴിക്കോട്: എ ഐ സി സി മെമ്പര്‍ പി വി ഗംഗാധരന്റെ ക്യാപ്റ്റന്‍സി, ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ ഇടങ്കാലനടി, സംവിധായകന്‍ വി എം വിനുവിന്റെ ഹെഡര്‍, പഴയ പ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ ദൃശ്യമായ മുന്‍ ഇന്ത്യന്‍ താരം പ്രേംനാഥ് ഫിലിപ്പിന്റെ മുന്നേറ്റങ്ങള്‍, പ്രായം തോല്‍പ്പിക്കാത്ത ആവേശവുമായി വലക്ക് കാവല്‍ നിന്ന മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സേതുമാധവന്റെ സേവിംഗുകള്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂരിന്റെ അളന്നുമുറിച്ച ക്രോസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി റസാഖിന്റെ ഒറ്റയാള്‍ മുന്നേറ്റം, അവസാനം ടൈംബ്രേക്കറില്‍ വിധിനിര്‍ണയം… കാല്‍പന്തു കളിയുടെ ആവേശനിമിഷങ്ങള്‍ ഏറെ പിറന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ഫുട്‌ബോളിന്റെ മറ്റൊരു ആവേശക്കാഴ്ചയായിരുന്നു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സ്‌പോര്‍ട്‌സ് ആന്‍ഡ് മാര്‍ഷല്‍ ആര്‍ട്‌സ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരമാണ് കാണികള്‍ക്ക് ആവേശം പകര്‍ന്നത്.

എ ഐ സി സി മെമ്പര്‍ പി വി ഗംഗാധരന്‍ നയിച്ച കലക്ടര്‍ ഇലവനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി റസാഖ് നയിച്ച ജില്ലാ പഞ്ചായത്ത് ഇലവനും ശ്രീകുമാര്‍ നയിച്ച കോര്‍പറേഷന്‍ ഇലവനും മുന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം എം ഹാരിസ് നയിച്ച സ്‌പോര്‍ടസ് കൗണ്‍സില്‍ ഇലവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ടൈംബ്രേക്കറില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്‌പോര്‍ടസ് കൗണ്‍സില്‍ ഇലവനെ തോല്‍പ്പിച്ച് കലക്ടര്‍ ഇലവന്‍ ജേതാക്കളായി.
ഒരു കാലത്തെ ആവേശമായിരുന്ന പഴയകാല താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ത്രിതല പഞ്ചായത്ത് മെമ്പര്‍മാരുടെയും മത്സരം ആവേശത്തോടെയാണ് കാണികള്‍ വരവേറ്റത്. നല്ല നീക്കങ്ങള്‍ക്കൊപ്പം പലപ്പോഴും കൂട്ടപ്പൊരിച്ചിലും ഗ്രൗണ്ടില്‍ വീണ് ഉരുളുന്നതുമൊക്കെ കാണാമായിരുന്നു. 20 മിനുട്ടാണ് സമയം നല്‍കിയിരുന്നത്.
മത്സരങ്ങള്‍ക്ക് മെമ്പോടിയായി നടന്ന കമ്പവലിയില്‍ കോര്‍പറേഷന്‍ വനിതാ കൗണ്‍സിലര്‍മാരും ജില്ലാ പഞ്ചായത്ത് വനിതാ അംഗങ്ങളും കൈക്കരുത്ത് തെളിയിച്ചു. നിഷ നയിച്ച കോര്‍പറേഷന്‍ ടീമിനെ കമല ആര്‍ പണിക്കര്‍ നയിച്ച ജില്ലാ പഞ്ചായത്ത് ടീം തോല്‍പ്പിച്ചു.
മത്സരം ജില്ലാ കലക്ടര്‍ സി എ ലത ഉദ്ഘാടനം ചെയ്തു. മേയര്‍ എ കെ പ്രേമജം കളിക്കാരെ പരിചയപ്പെട്ടു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മേയര്‍ വിതരണം ചെയ്തു. ഡി ടി പി സി സെക്രട്ടറി ഹെലന്‍, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ മെമ്പര്‍ മാര്‍ സംബന്ധിച്ചു.