ജനപ്രതിനിധികള്‍ അധികാരം ശരിയായി വിനിയോഗിക്കുന്നില്ല: ഉപരാഷ്ട്രപതി

Posted on: September 12, 2013 6:15 am | Last updated: September 12, 2013 at 12:36 am

hamid-ansari_13തിരുവനന്തപുരം: ജനാധിപത്യം അനുവദിച്ചു തന്നിട്ടുള്ള അധികാരം ജനാധിപത്യ സഭകള്‍ ശരിയായി ഉപയോഗിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ബഹളം വെച്ച് സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിനാണ് ജനപ്രതിനിധികള്‍ ശ്രമിക്കുന്നത്. രാജ്യത്തെ യുവജനങ്ങങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയല്ല ഇവരുടെതെന്നും അദ്ദേഹം പറഞ്ഞു. 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യസഭകള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദികളാണ്.
അഭിപ്രായപ്രകടനത്തിനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതുപോലെ തന്നെ സഭകളില്‍ ക്രിയാത്മക ചര്‍ച്ചകളും നടക്കണം. ബഹളം വെച്ച് അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. പാര്‍ലിമെന്റും സംസ്ഥാനങ്ങളിലെ നിയമ നിര്‍മാണസഭകളും പ്രവര്‍ത്തിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ നിയമനിര്‍മാണസഭകള്‍ കൂടുതല്‍ സമയം കണ്ടെത്തണം. നിയമ നിര്‍മാണസഭകളിലെ അംഗങ്ങളുടെ പെരുമാറ്റം പാര്‍ലിമെന്ററി മര്യാദകള്‍ക്ക് ചേര്‍ന്ന രീതിയിലും കൂടുതല്‍ ഉത്തരവാദത്തോടെയുമായിരിക്കണം. നിയമനിര്‍മാണ സഭകളുടെ കമ്മിറ്റി സമ്പ്രദായം അംഗങ്ങളുടെ ഹാജര്‍ ഉറപ്പുവരുത്തിയും അതത് മേഖലകളിലെ വിദഗ്ധരുടെ ഉപദേശം ഉള്‍പ്പെടുത്തിയും ശക്തിപ്പെടുത്തണം.ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം ഉറപ്പ ്‌വരുത്തി ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌കരിക്കണം.
1952 ലെ പൊതു തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തിലെ പകുതിപ്പേരുടെ പോലും വോട്ട് ലഭിക്കാതെ വിജയിച്ചവരുടെ എണ്ണം 67 ശതമാനമായിരുന്നു. 1999, 2004, 2009 പൊതു തിരഞ്ഞെടുപ്പുകളില്‍ ഇത് യഥാക്രമം 60, 75, 82 ശതമാനമായി ഉയര്‍ന്നു. ഭൂരിപക്ഷം ലഭിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യാതെ വരുന്ന അവസ്ഥ നമ്മുടെ നിലവിലുള്ള സമ്പ്രദായം നവീകരിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.