Connect with us

Kerala

സലീം രാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

Published

|

Last Updated

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) പി ടി പ്രകാശനാണ് അപേക്ഷ പരിഗണിച്ചത്.പരാതിക്കാരനായ കൊല്ലം കരുനാഗപ്പള്ളി ആദിനാട് പ്രണവം വീട്ടില്‍ പ്രസന്നന്റെ (46) മൊഴിയുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. സലീം രാജ് (42), ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ വലിയ കുളങ്ങര സജ്‌ന ഭവനില്‍ റിജോ (28), ആശാന്റെ അയ്യത്ത് സത്താര്‍ (38), കരുനാഗപ്പള്ളി ആദനാട് പൈങ്ങാക്കുളം മന്‍സില്‍ ഇര്‍ഷാദ് (24), മേമന സ്വദേശികളായ ജുനൈദ് മന്‍സിലില്‍ ജുനൈദ് (30), ഷംനാല്‍ മന്‍സില്‍ ഷംനാദ് (29), പായിക്കുടി മണ്ടെത്തെ പുത്തന്റെ വീട്ടില്‍ സിദ്ദീഖ് (37) എന്നിവരുടെ ജാമ്യാപേക്ഷകളാണ് മാറ്റിവെച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ ശ്രീജയും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ഷഹീര്‍ സിംഗും ഹാജരായി.
റോഡില്‍ തടഞ്ഞുനിര്‍ത്തി പണവും സ്വര്‍ണവും കൈക്കലാക്കാന്‍ ശ്രമിക്കുകയും സ്ത്രീയെ തട്ടികൊണ്ടു വന്നെന്നാരോപിച്ച് പ്രസന്നനെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നാണ് ചേവായൂര്‍ പോലീസ് കഴിഞ്ഞ ദിവസം സലീം രാജുള്‍പ്പെട്ട ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ജില്ലാ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

---- facebook comment plugin here -----

Latest