Connect with us

Kerala

ടി പി വധം: സാക്ഷി മൊഴികളിലെ വൈരുധ്യം; ഒപ്പം തെളിവുകളുടെ അഭാവവും

Published

|

Last Updated

കോഴിക്കോട്: കൊലപാതകത്തിന് പ്രതികളെ സഹായിച്ചെന്ന കുറ്റത്തിന് സംസ്ഥാന പോലീസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പേരെ പ്രതിചേര്‍ത്ത കേസിലാണ് 20 പേരെ സ്വതന്ത്ര സാക്ഷികളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചത്.
ഇന്നലെ വിട്ടയച്ച 20 പേര്‍ക്കെതിരെയും ടി പി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ സഹിതം കുറ്റപത്രം തയാറാക്കിയിരുന്നു. എന്നാല്‍ എരഞ്ഞിപ്പാലത്തെ വിചാരണ കോടതിയില്‍ എത്തിയപ്പോള്‍ നേരത്തെ നല്‍കിയ മൊഴികളില്‍ നിന്നും നിരവധി സാക്ഷികള്‍ വ്യതിചലിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയും മഹസറുകളും അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടും സാക്ഷിമൊഴികളിലുണ്ടായ വ്യതിചലനം തെളിവുകള്‍ ദുര്‍ബലമാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികളും മഹസര്‍ തയ്യാറാക്കിയ പോലീസുകാരുടെ മൊഴികളും സാക്ഷികള്‍ക്കെതിരെ ഉണ്ടായെങ്കിലും സ്വതന്ത്ര സാക്ഷികളുടെ അഭാവം 20 പ്രതികള്‍ക്കെതിരെ പോലീസ് കണ്ടെത്തിയ വസ്തുതകള്‍ക്ക് പിന്‍ബലമില്ലാതാക്കുകയായിരുന്നു.
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം കേസിലെ ആറാം പ്രതി അണ്ണന്‍ എന്ന സിജിത്തിനെ കാറില്‍ കൊണ്ടുപോയെന്നായിരുന്നു 26 ാം പ്രതിയും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കാരായി രാജനെതിരെയുള്ള കുറ്റം. കുറ്റകൃത്യത്തെ കുറിച്ചറിഞ്ഞിട്ടും മറിച്ചുവെച്ചെന്നായിരുന്നു കേസ്.
എന്നാല്‍ പ്രോസിക്യൂഷന്റെ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയാണ് കാരായി രാജനെ കോടതി കുറ്റവിമുക്തനാക്കിയത്. കാരായി രാജനെതിരെ സാക്ഷിയായി വിസ്തരിച്ച സ്മിതേഷ് കൂറുമാറുകയും ചെയ്തു. ലിജോ ജോസ് എന്ന സിവില്‍ പോലീസ് ഓഫീസര്‍ മാത്രമായിരുന്നു കാരായി രാജനെതിരെ മൊഴി നല്‍കിയത്.
കോടതിയില്‍ കാരായി രാജന്റെ കാര്‍ ഹാജരാക്കിക്കൊടുത്ത പ്രകാശനെ സാക്ഷിയായി വിസ്തരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ചന്ദ്രശേഖരനെ കൊലയാളി സംഘത്തിന് കാണിച്ചുകൊടുത്തു എന്ന കുറ്റമായിരുന്നു15 ാം പ്രതി കജൂര്‍ എന്ന പി അജേഷിനെതിരെ ചുമത്തിയിരുന്നത്. ഒന്നാം പ്രതി എം സി അനൂപ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ് എന്നിവര്‍ക്കായിരുന്നു ടി പി യെ കാണിച്ചു കൊടുത്തതായി പോലീസ് പറഞ്ഞത്. എന്നാല്‍ പ്രോസിക്യഷന്‍ പറഞ്ഞ പ്രതികളുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ടി പി യെ കൊല്ലാനുപയോഗിച്ച കാറാണെന്ന അറിവോടുകൂടി പുറത്തില്‍ മുക്കില്‍ കാര്‍ ഉപേക്ഷിച്ചു എന്നായിരുന്നു പി ഷോഭിക്കെതിരായ കുറ്റം. എന്നാല്‍ ഇത് തെളിയിക്കുന്നതിന് വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. അന്വേഷണസംഘാംഗമായ സി ഐ ബെന്നി മാത്രമാണ് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. 40 ാം പ്രതി സി രാജനെതിരെ 44 ാം പ്രതി പി വത്സലന്‍, 45 ാം പ്രതി പി സി ലാലു, 46 ാം പ്രതി കെ അനില്‍ കുമാര്‍, 51 ാം പ്രതി പി ഷിംജിത് എന്നിവര്‍ക്കൊപ്പം ഒന്നാംപ്രതി എം സി അനൂപ്, നാലാം പ്രതി ടികെ രജീഷ് എന്നിവരെ ബംഗളൂരുവിലേക്ക് കാറില്‍ കൊണ്ടുപോയെന്നായാരുന്നു കുറ്റം. ഇയാള്‍ക്കെതിരേ എസ് ഐ ആസാദിന്റെ മൊഴി മാത്രമാണുണ്ടായിരുന്നത്. മറ്റൊരു പ്രതിയായ കെ കുമാരന് ബല്‍ഗാം, പൂനൈ എന്നിവിടങ്ങളില്‍ പാനൂര്‍ ഏരിയാകമ്മറ്റി അംഗം കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഹാജരാക്കിയ നിഷാദ്, നവിന്‍ എന്നീ സാക്ഷികള്‍ കൂറുമാറുകയായിരുന്നു.
ഒന്നാം പ്രതി അനൂപിനെയും നാലാം പ്രതി ടി കെ രജീഷിനെയും മഹാരാഷ്ട്ര, ബല്‍ഗാം എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റമാണ് പ്രതികളായ പി വത്സലന്‍, പി സി ലാലു, കെ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതിനും സ്വതന്ത്ര തെളിവുകള്‍ ഉണ്ടായിരുന്നില്ല. 47 ാം പ്രതി രജീഷിന് ടി പിയെ കൊലപ്പെടുത്തിയ ദിവസം ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്‌സിലെത്തിയ മൂന്നാം പ്രതി കൊടി സുനിക്ക് വസ്ത്രങ്ങള്‍ നല്‍കി എന്ന കുറ്റമാണ് ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി കൊച്ചക്കാലന്‍ സുമേഷ് കൂറുമാറുകയായിരുന്നു. ഒന്നാം പ്രതി അനൂപിന് ബംഗളൂരുവിലെ കെ കെ പുരത്തെ ബേക്കറിയില്‍ ഒളിയിടം ഒരുക്കി എന്ന കുറ്റമായിരുന്നു ഷിംജിത്തിനെതിരെയുണ്ടായിരുന്നത്. എന്നാല്‍ ഇതിനായി ഹാജരാക്കിയ സാക്ഷി പ്രജീഷ് കൂറുമാറി.
എസ് എഫ് ഐ നേതാവിയിരുന്ന സരിന്‍ ശശിക്ക് പാനൂര്‍ ഏരിയാകമ്മറ്റി അംഗം കുഞ്ഞനന്തനെ ജൂണ്‍ 12ന് രാത്രി 10ന് സി പി എം മാടായി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചു എന്ന കുറ്റമാണ് ഉണ്ടായിരുന്നത്. ഇതിനായി വിസ്തരിച്ച നിഷാദ്, നവീന്‍ എന്നീ സാക്ഷികള്‍ കൂറുമാറി.
കെ അശോകന്‍ ജൂണ്‍ ആദ്യവാരം കുഞ്ഞനന്തനെ ഒളിപ്പിക്കാന്‍ സരിന്‍ ശശിക്ക് നിര്‍ദേശം നല്‍കി, നാണപ്പന്‍ എന്ന വി പി ഷിജീഷിന് ആറാം പ്രതി അണ്ണന്‍ എന്ന സജിത്തിനെ തലശ്ശേരി ഏരിയാ കമമിറ്റി ഓഫീസില്‍ ഓട്ടോയില്‍ എത്തിച്ചു, കെ കെ മുകുന്ദന് പാനൂര്‍ ഏരിയാ കമമിറ്റി അംഗം കുഞ്ഞനന്തെനെ ബംഗളൂരുവില്‍ ഒളിപ്പിച്ചു.
ധനീഷിന് ഒന്നാം പ്രതി അനൂപിനെയും ഷോഭി എന്ന തോമസിനേയും രക്ഷപ്പെടാന്‍ സഹായിച്ചു, ഇ എം ഷാജിക്ക് 26ാം സാക്ഷിയായ വിജേഷിന്റെ മാതാവിന്റെ പേരിലെടുത്ത മൊബൈല്‍ സിം കാര്‍ഡ് എട്ടാം പ്രതി കെ സി രാമചന്ദ്രന് കൈമാറി, സുനിതന് ടി പിയെ കൊലപ്പെടുത്തിയ സംഘത്തിന്റെ വസ്ത്രങ്ങള്‍ കൊലപാതകം നടന്ന ദിവസം 36 ാം പ്രതിയായ ജിജേഷ്‌കുമറിന് കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്‌കോടതി കണ്ടെത്തി

 

Latest