Connect with us

Articles

പ്രവാസി മലയാളികളുടെ മുദര്‍രിസ്

Published

|

Last Updated

ഓരോ കാലത്തും ലോകത്തും പണ്ഡിതന്മാര്‍ പൊതു സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം തിരിച്ചറിയുകയും അതിനനുസരിച്ച് സ്വന്തം പ്രവര്‍ത്തന മേഖലകളെ വിപുലപ്പെടുത്തുകയും ചെയ്ത പണ്ഡിതനും സംഘാടകനുമായിരുന്നു ഇന്നലെ അന്തരിച്ച തിരുവള്ളൂര്‍ പി കെ അഹ്മദ് മുസ്‌ലിയാര്‍. ആളുകള്‍ സ്‌നേഹപൂര്‍വം പി കെ ഉസ്താദ് എന്ന് വിളിച്ചിരുന്ന അഹ്മദ് മുസ്‌ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തിലെ പഠനത്തിനു ശേഷം ദീര്‍ഘകാലം വാണിമേലില്‍ മുദര്‍രിസായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 1992ല്‍ തന്റെ തട്ടകം ഖത്തറിലേക്ക് മാറ്റുന്നത്.
മതം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മാത്രം ശ്രദ്ധയൂന്നിയിരുന്ന ഒരു മത പണ്ഡിതന്‍, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്ക് കുടിയേറിയ മറ്റേതൊരു മലയാളിയും പോലെ കൃത്യമായ ഏതെങ്കിലും തൊഴിലോ, തൊഴിലിടമോ നിശ്ചയമില്ലാതെയാണ് കടല്‍ കടന്നത്. പക്ഷേ, അഹ്മദ് മുസ്‌ലിയാരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍, മികച്ച രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്ന തന്റെ ദര്‍സിന്റെ നിലനില്‍പ്പിനെ കൂടി ബാധിച്ചു. നാട്ടുകാര്‍ക്ക് അനഭിമതനായി തുടരുന്നതിനേക്കാള്‍ നല്ലത് മാറി നില്‍ക്കലാണ് എന്നും പ്രശ്‌നങ്ങളെല്ലാം ആറിത്തണുക്കുന്നത് വരെ നാട്ടില്‍ നിന്ന് മാറി നില്‍ക്കാം എന്നും കരുതിയാണ് പി കെ അഹ്മദ് മുസ്‌ലിയാര്‍ നാട് വിട്ടത്. പക്ഷേ ആ യാത്ര ഉസ്താദിന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്താനും കൂടുതല്‍ പേര്‍ക്ക്, പ്രതേകിച്ചും നാട്ടിലേത് പോലെ മത വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക്, മത വിജ്ഞാനം പകര്‍ന്നു നല്‍കാനുള്ള നിമിത്തവും ആയിത്തീര്‍ന്നത് ആ മനീഷിയുടെ ഉദ്ദേശ്യശുദ്ധിയുടെയും അറിവിനോടുള്ള അതിരറ്റ സ്‌നേഹത്തിന്റെയും പ്രതിഫലമായി ലഭിച്ച സൗഭാഗ്യമായി വേണം കരുതാന്‍.
തുടക്കത്തില്‍ ഖത്തറിലെ ഒരു കാര്‍ വാഷിംഗ് കമ്പനിയില്‍ കുറച്ചു കാലം ജോലി ചെയ്‌തെങ്കിലും, ഉസ്താദ് ആഗ്രഹിച്ചതു പോലെ ഏറെ താമസിയാതെ തന്നെ മത വിദ്യാഭ്യാസ മേഖലയിലേക്ക് തിരിച്ചെത്താനായി. ഖത്തറിലെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു പി കെ ഉസ്താദിന്റെ ദര്‍സ്. നാട്ടിലെ അതേ അടുക്കിലും ചിട്ടയിലും നടന്ന ദര്‍സില്‍ നിരവധി മലയാളികളാണ് മുതഅല്ലിമുകളായി എത്തിക്കൊണ്ടിരുന്നത്. അവരവരുടെ ജോലിയുടെയും മറ്റു പ്രാരാബ്ദങ്ങളുടെയും ഒഴിവു വേളകളില്‍ തന്റെയെടുത്തെത്തിയ ഒരാളെയും ഉസ്താദ് നിരാശരാക്കിയില്ല. രാവും പകലും ഒരു പോലെ ആ ദര്‍സ് പ്രവാസികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടു. അവരെ സ്വീകരിക്കാന്‍ പുഞ്ചിരിച്ചു കൊണ്ട് അഹ്മദ് മുസ്‌ലിയാരും. പ്രാഥമിക മത കാര്യങ്ങള്‍ മുതല്‍ ഉന്നത ദര്‍സ് കിതാബുകള്‍ വരെ ഉസ്താദ് അവര്‍ക്ക് ഓതിക്കൊടുത്തു.
കുടുംബസമേതം ഗള്‍ഫിലെത്തുന്ന മലയാളി മുസ്‌ലിം കുടുംബങ്ങളിലെ കുട്ടികളുടെ മത പഠനമായിരുന്നു ഉസ്താദ് ശ്രദ്ധ ചെലുത്തിയിരുന്ന മറ്റൊരു മേഖല. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഇത്തരം സംരംഭങ്ങളെ കുറിച്ചാലോചിച്ചു തുടങ്ങുന്നതിനു മുന്‍പേ തന്നെ പി കെ അഹ്മദ് മുസ്‌ലിയാര്‍ ഖത്തറില്‍ അതിനുള്ള ഗൃഹ പാഠങ്ങള്‍ ചെയ്തു വെച്ചിരുന്നു. ഉന്നത കിതാബുകള്‍ ഓതിക്കൊടുത്തു ശീലമുള്ള ആ പണ്ഡിതന്‍ അഞ്ച് വയസ്സുകാരന് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നതിലും അതേ ആവേശം കാട്ടി. രോഗം തളര്‍ത്തുന്നത് വരെയും പ്രായം വക വെക്കാതെ അഹ്മദ് മുസ്‌ലിയാര്‍ മദ്‌റസയിലെത്തി ചെറിയ കുട്ടികള്‍ക്ക് ക്ലാസെടുക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ മദ്‌റസയിലേക്ക് പോകാന്‍ ഖത്തറിലെ സുന്നി ആസ്ഥാനമായ ഹസനിയ്യയില്‍ വാഹനവും കാത്തു കുട്ടികളോടൊപ്പം നില്‍ക്കുന്ന അഹ്മദ് മുസ്‌ലിയാരുടെ മുഖം മറക്കാനാകില്ല. ഇന്ന് ഖത്തറില്‍ ഏറ്റവുമധികം മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം ഇ എസ് സ്‌കൂളിലെ മദ്‌റസ ഉസ്താദിന്റെ നിരന്തര പരിശ്രമത്തിന്റെയും ആത്മാര്‍ഥതയുടെയും ഫലമായുണ്ടായതാണ്. കാര്‍ വാഷിംഗ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാനോരുങ്ങിയ തിരുവള്ളൂര്‍ ചാലില്‍ പി കെ അഹ്മദ് മുസ്‌ലിയാരെ ഖത്തറുകാരുടെ പ്രിയപ്പെട്ട “പി കെ ഉസ്താദാ”ക്കി മാറ്റുന്നതില്‍ ഖത്തറിലെ സുന്നി സംഘാടകരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ താങ്ങും തണലുമായി പ്രവര്‍ത്തിച്ചു.
എല്ലാവരും ജോലി തേടി ഗള്‍ഫ് നാടുകളില്‍ നിലയുറപ്പിച്ചപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് വഴികാട്ടിയായി നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ജീവിത നിയോഗം. 20 വര്‍ഷത്തിലധികം ഖത്തറിലെ മലയാളി മുസ്‌ലിംകളുടെ മത കാര്യങ്ങളിലെ മാര്‍ഗദര്‍ശിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. മതപരമായ കാര്യങ്ങളിലെ അവരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല, വ്യക്തിപരവും കച്ചവട സംബന്ധവുമായ വിഷമങ്ങള്‍ പങ്ക് വെക്കാനും പരിഹാരങ്ങള്‍ തേടാനും അവര്‍ ഹസനിയ്യയിലെ ഉസ്താദിന്റെ മുറിയിലെത്തി. അവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ടു ചായയും ഭക്ഷണവും ഉണ്ടാക്കിക്കൊടുത്ത് അദ്ദേഹം സല്‍ക്കരിക്കുകയും ചെയ്തു. പ്രായം അനുവദിക്കാതിരുന്നിട്ടും ഓഫീസിലെയും മദ്‌റസയിലെയും ജോലികളെല്ലാം അദ്ദേഹം സ്വയം ചെയ്തു. ഹജ്ജിനും ഉംറക്കും പോകുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ടും വിസയും സംബന്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ ആ പണ്ഡിതന് ഒരു വിമ്മിട്ടവും ഉണ്ടായില്ല. നേരമില്ലാത്ത പ്രവാസികള്‍ക്ക് വേണ്ടി അദ്ദേഹം തന്റെ നേരവും ഊര്‍ജവും മാറ്റി വെച്ചു.
നാട്ടില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഖത്തറില്‍ എത്തുന്ന ഏതൊരാള്‍ക്കും ഏതു പാതിരാ നേരത്തും കയറിച്ചെല്ലാവുന്ന ഇടമായിരുന്നു അദ്ദേഹത്തിന്റെ മുറി. കുടുസ്സായ ആ മുറിയില്‍ അതിഥികള്‍ക്ക് വേണ്ടി കട്ടിലൊഴിഞ്ഞു കൊടുത്ത് നിലത്തു കിടന്നുറങ്ങിയ ഉസ്താദിനെക്കുറിച്ചു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഖത്തറിലെ ഐ സി എഫിന്റെയും മറ്റു സുന്നീ സംഘടനകളുടെയും മര്‍കസടക്കമുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ചിട്ടയുള്ളതാക്കി മാറ്റുന്നതിലും കൂടുതല്‍ ആളുകളെ സുന്നി പ്രസ്ഥാനവുമായി അടുപ്പിച്ചു നിര്‍ത്തുന്നതിലും അഹ്മദ് മുസ്‌ലിയാരുടെ വ്യക്തി പ്രഭാവവും പൊതു സ്വീകാര്യതയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്കിടയില്‍ മതസാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ചു നാട്ടിലെ നമ്മുടെ സംഘടനാ നേതൃത്വത്തെ ഉണര്‍ത്തുന്നതിലും അതിനാവശ്യമായ പ്രായോഗിക കാര്യങ്ങള്‍ നിര്‍ദേശിക്കുന്നതിലും ഉസ്താദ് ശ്രദ്ധ കാണിച്ചിരുന്നു. ഇന്ന് പ്രവാസികള്‍ക്കിടയില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന പല പ്രവര്‍ത്തങ്ങളിലും ഉസ്താദിന്റെ മാര്‍ഗ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ ഒരു മുദര്‍രിസിന്റെ റോളില്‍ ഗള്‍ഫിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ജീവിക്കേണ്ടി വന്നതില്‍ നിന്നും ലഭിച്ച അനുഭവ പാഠങ്ങള്‍ ആ നിര്‍ദേശങ്ങളില്‍ പ്രതിഫലിച്ചിരുന്നു.
പ്രവാസി മലയാളികള്‍ക്കിടയില്‍ പൊതുവിലും മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യേകിച്ചും നാം ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചു കൂടുതല്‍ കാര്യക്ഷമതയോടെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ വേര്‍പാട് ഒരു നിമിത്തമാകട്ടെ. അതായിരിക്കും പി കെ ഉസ്താദിനു നമുക്ക് കൊടുക്കാനുള്ള മികച്ച “ഹദ്‌യ”

Latest