ഒരു മുറിയില്‍ മൂന്നിലധികം താമസക്കാര്‍ പാടില്ല

Posted on: September 11, 2013 7:30 am | Last updated: September 12, 2013 at 8:31 am

അബുദാബി: ബാച്ചിലര്‍ താമസ കേന്ദ്രങ്ങളില്‍ നഗരസഭയുടെ വ്യാപക പരിശോധന. പോലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് നഗരസഭാ സേവന വിഭാഗം ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉവൈദ അല്‍ ഖുബൈസി അറിയിച്ചു.

ബനിയാസ്, വത്്ബ, ശവാമെക് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. വൃത്തിഹീനമായ പരിസരമാണോയെന്നും ഏച്ചുകെട്ടലുകള്‍ വരുത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. നഗരത്തിന്റെ പ്രതിച്ഛായക്കു കളങ്കം വരുത്തിയ ചിലര്‍ക്കെതിരെ നിയമ നടപടി കൈക്കൊണ്ടു.
ഇത്തരം താമസ കേന്ദ്രങ്ങള്‍ക്കു സമീപം കുടുംബമായി താമസിക്കുന്നവരുടെ പരാതികളും കണക്കിലെടുത്തു. കുടുംബങ്ങളായി താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ പാടില്ല.
ഒരു മുറിയില്‍ മൂന്നാളുകളില്‍ കൂടുതല്‍ പാടില്ലെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് വാടകക്കരാറില്‍ എഴുതിച്ചേര്‍ക്കണം. നഗരസഭയില്‍ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. തൗതീഖ് സംവിധാനം വഴിയാണ് സാക്ഷ്യപ്പെടുത്തേണ്ടത്. ദീര്‍ഘകാല കാര്‍ പാര്‍ക്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ തൗതീഖ് വഴിയാണ്.
ഏച്ചുകെട്ടലുകള്‍ നിരോധിച്ചുകൊണ്ട് നേരത്തെ ഉത്തരവിറക്കിയതാണ്. വില്ലകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടുവരുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്.
നഗരസഭാ പരിശോധകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. ആദ്യം മന്നറിയിപ്പ് നല്‍കും. ഏച്ചുകെട്ടലുകള്‍ പൊളിച്ചുനീക്കാനും സമയം നല്‍കും. നിയമലംഘനം തുടര്‍ന്നാല്‍ നഗരസഭാ പ്രോസിക്യൂഷന്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴിലാളികള്‍ക്ക് മാന്യമായി താമസിക്കാന്‍ പ്രത്യേകം മേഖലകള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതവും അനുയോജ്യവുമായ കെട്ടിടങ്ങളാണ് പണിതിട്ടുള്ളത്. ഇവിടങ്ങളില്‍ വാണിജ്യ കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ തൊഴിലാളികള്‍ തയാറാകണമെന്നും ഖുബൈസി ആവശ്യപ്പെട്ടു.