യു എസ് കോണ്‍ഗ്രസിലെ വോട്ടെടുപ്പ് ഒബാമ റദ്ദാക്കി

Posted on: September 11, 2013 10:47 pm | Last updated: September 11, 2013 at 10:47 pm

വാഷിംഗ്ടണ്‍: സിറിയയിലേക്ക് സൈനിക ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട് യു എസ് കോണ്‍ഗ്രസില്‍ നടത്താന്‍ നിശ്ചയിച്ച വോട്ടെടുപ്പ് പ്രസിഡന്റ് ബരാക് ഒബാമ റദ്ദാക്കി. സിറിയയിലേക്കുള്ള സൈനിക നടപടിക്ക് യു എസ് ജനതയില്‍ നിന്ന് തനിക്ക് പിന്തുണയില്ലെന്നും വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നും വ്യക്തമായതോടെയാണ് വോട്ടെടുപ്പ് നിര്‍ത്തിവെക്കാന്‍ ഒബാമ തീരുമാനിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് കഴിഞ്ഞ ദിവസം ഒബാമ വ്യക്തമാക്കിയിരുന്നു. സൈനിക നടപടി താത്കാലമില്ലെന്നും സിറിയയുടെ രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും ഒബാമ അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് റഷ്യക്ക് സിറിയ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഒബാമയുടെ പ്രഖ്യാപനം. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ സൈനിക നടപടി ഉടന്‍ നടത്തുമെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം സിറിയയില്‍ നടന്ന രാസായുധ ആക്രമണത്തിന് പിന്നില്‍ സൈന്യമാണെന്ന് ആരോപിച്ച് സിറിയക്കെതിരെ സൈനിക നടപടിക്കൊരുങ്ങിയ അമേരിക്ക, അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടിരുന്നു. രാസായുധ പ്രയോഗത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് തെളിയാതെ ആക്രമണം നടത്താനാകില്ലെന്ന് റഷ്യയടക്കമുള്ള രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. സിറിയയെ ശക്തമായി പിന്തുണക്കുന്ന റഷ്യയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും സിറിയയുടെ രാസായുധം പൂര്‍ണമായും അന്താരാഷ്ട്ര നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നും ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, കഴിഞ്ഞ മാസം സിറിയന്‍ സൈന്യം ദമസ്‌കസില്‍ രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ഒബാമ ഉറച്ച് നിന്നു. രാസായുധ ആക്രമണത്തിന്റെ പ്രത്യാഘാതം സിറിയ അനുഭവിക്കേണ്ടിവരുമെന്നും സിറിയയുടെ രാസായുധം അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണെന്നും ഒബാമ പറഞ്ഞു. സിറിയയുടെ കൈവശം രാസായുധം ഉള്ളതിന് തങ്ങളുടെ അടുത്ത് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.