Connect with us

National

മുസാഫര്‍ നഗര്‍ സംഘര്‍ഷം: മരിച്ചവരുടെ എണ്ണം 48 ആയി: കര്‍ഫ്യൂ തുടരുന്നു

Published

|

Last Updated

ലക്‌നോ: മുസാഫര്‍ നഗര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. മുസാഫര്‍ നഗര്‍ ജില്ല കര്‍ഫ്യൂവില്‍ ശാന്തത കൈവരിച്ചപ്പോള്‍ സമീപസ്ഥ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മീററ്റില്‍ രണ്ട് പേരും ഹാപൂര്‍, ഭഗ്‌വത്, ശഹറാപൂര്‍, ശാംലി എന്നിവടങ്ങളില്‍ ഒരാള്‍ വീതവുമാണ് ഇന്നലെ മരിച്ചത്. 366 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഇതാദ്യമായി മുസാഫര്‍ നഗര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ പിന്‍വലിച്ചു. സംഘര്‍ഷബാധിത പ്രദേശത്തെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വൈകീട്ട് 3.30 മുതലാണ് കര്‍ഫ്യൂ പിന്‍വലിച്ചതെന്ന് മുസാഫര്‍ നഗര്‍ ജില്ലാ കലക്ടര്‍ കൗശാല്‍ രാജ് ശര്‍മ അറിയിച്ചു. അതിനിടെ, ജില്ലയിലെ കോട്‌വാലി, നയി മാന്‍ഡി മേഖലയില്‍ അല്‍പ്പ സമയം കര്‍ഫ്യൂവില്‍ ഇളവ് വരുത്തി.
നൂറു കണക്കിനാളുകള്‍ ജില്ലയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ശാന്തമാകുന്ന മുറക്ക് അവരെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. അതിനിടെ, പലായനം ചെയ്യുന്നവര്‍ക്ക് നേരെ അക്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ജില്ല സന്ദര്‍ശിക്കാനുള്ള ബി ജെ പി നേതാക്കളുടെ ശ്രമം ഇന്നലെയും പോലീസ് തടഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവരുടെ ചികിത്സക്ക് 50,000 രൂപയും നല്‍കും. ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് പറയുന്നുണ്ടെന്നാണ് സൂചന. അന്വേഷണത്തിന് ഏകാംഗ കമ്മീഷനായി ജസ്റ്റിസ് വിഷ്ണു സഹായിയെ നിയമിച്ചിട്ടുണ്ട്.
മുസാഫര്‍ നഗര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ഉത്തര്‍ പ്രദേശിന് പുറമേ ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാനാ, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.