Connect with us

Malappuram

കൂരാട് കാട്ടിക്കുണ്ടില്‍ നിന്ന് നാലര ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും പിടികൂടി

Published

|

Last Updated

കാളികാവ്: കുടുംബ സമേതം താമസിക്കുന്ന വീട്ടില്‍ നിന്ന് ചാരായം വാറ്റുന്നതിനിടെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൂരാട് കൂളിപ്പറമ്പ് കാട്ടിക്കുണ്ട് കുശവ കോളനിയിലെ കുന്നത്തൂര്‍ മണി (45) നെയാണ് കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്. നാലര ലിറ്റര്‍ വാറ്റിയ ചാരായവും, 30 ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്. ഇതിന് മുമ്പും പല പ്രാവശ്യം എക്‌സൈസ് സംഘം മണിയെ ചാരായം വാറ്റുന്നതിനിടെ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കുറഞ്ഞ അളവ് മാത്രം കൈവശം വെക്കുകയും ബാക്കി ഇയാള്‍ ഒളിപ്പിച്ച് വെക്കുകയും ചെയ്യുന്നതിനാല്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാറാണ് പതിവെന്ന് കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ സഹോദരനും വാറ്റ് നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. മഫ്ത്തിയിലെത്തിയ കാളികാവ് സ്‌റ്റേഷനിലെ മനോജ് , രവി എന്നീ പോലീസുകാര്‍ പ്രതിയുടെ വീട് കണ്ടെത്തുകയും കൂടുതല്‍ പോലീസെത്തി പിടികൂടുകയുമായിരുന്നു. മാടമ്പം, ചുണ്ടക്കുന്ന് പ്രദേശത്തുള്ള കോളനികളില്‍ ചാരായം വില്‍പന വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കോളനിയില്‍ നിന്നും വാറ്റ് ചാരായവും വാഷും പിടികൂടിയത്.
തൊട്ടടുത്ത പ്രദേശങ്ങളിലെ കുശവ കോളനികളിലും വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമരംമ്പലം വനത്തോട് ചേര്‍ന്നതും കുതിരപ്പുഴയുടെ അടുത്ത പ്രദേശങ്ങളായതിനാലും വാറ്റ് നടത്താന്‍ സൗകര്യപ്രദമാണ്. നിയമ പാലകര്‍ക്ക് എത്തിപ്പെടാന്‍ ഏറെ പ്രയാസമായതിനാല്‍ ഏറെ കാലമായി ഈ പ്രദേശങ്ങളില്‍ വ്യാജ മദ്യം സുലഭമാണ്. വ്യാജ വാറ്റിനെതിരെ ശബദമുയര്‍ത്തിയ നാട്ടുകാരുമായി മുമ്പ് അടിപിടി നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മാടംമ്പം, ചുണ്ടക്കുന്ന്, ചെല്ലക്കൊടി എന്നീ ഹരിജന്‍ കോളനികളില്‍ ഓണത്തിന് ചാരായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ അളവില്‍ ഇപ്പോള്‍ വാറ്റ് തുടങ്ങിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായി തിരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന പാത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വണ്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് വ്യാജ ചാരായവും വാഷും പിടികൂടിയിരിക്കുന്നത്. കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി മനോജ്കുമാര്‍, രവികുമാര്‍, ടി ഷിജിമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത് കല്ലാമൂല, സന്ദീപ്, അനിത, ടി പി ചിത്രലേഖ, എന്നിവരടങ്ങിയ സംഘമാണ് മണിയെ പിടികൂടിയത്.

---- facebook comment plugin here -----

Latest