ലോക ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടി ലണ്ടനില്‍

Posted on: September 11, 2013 12:15 am | Last updated: September 11, 2013 at 12:25 am

ദുബൈ: ഒമ്പതാമത് ലോക ഇസ്‌ലാമിക് ഇക്കണോമിക് ഫോറം ഇത്തവണ ലണ്ടനില്‍. അറബ് രാജ്യങ്ങള്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കും. അടുത്തമാസം 29 മുതല്‍ 31 വരെയാണ് ഉച്ചകോടി.
പുതിയ ബന്ധങ്ങളിലൂടെ ലോകത്തെ മാറ്റിയെടുക്കുകയെന്നതാണ് ഉച്ചകോടി ലക്ഷ്യം വെക്കുന്നത്. ലോക ഇസ്‌ലാമിക് ഇക്കണോമിക് ഫോറം ഉപദേഷ്ടാവും വൈസ് ചെയര്‍മാനുമായ ഈസ അല്‍ ഗുരൈര്‍ ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
യു എ ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി ഡൊമിനിക് ജെര്‍മി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതാദ്യമായാണ് മുസ്‌ലിം രാജ്യമല്ലാത്തിടത്ത് ഉച്ചകോടി നടത്തുന്നത്. മലേഷ്യ, കസാഖിസ്ഥാന്‍, ഇന്തോനേഷ്യ, കുവൈത്ത്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ഉച്ചകോടികള്‍. വിദേശ നിക്ഷേപത്തെ ഗള്‍ഫ് മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ഉച്ചകോടി ലക്ഷ്യം വെക്കുന്നത്. ഇത് മൂലം സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കാനും അറബ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു. 2004 മുതലാണ് ഫോറം പ്രവര്‍ത്തനം തുടങ്ങിയത്.