ഡല്‍ഹി കൂട്ട ബലാത്സംഗം: വാദം പൂര്‍ത്തിയായി; ശിക്ഷാവിധി മറ്റന്നാള്‍

Posted on: September 11, 2013 3:01 pm | Last updated: September 12, 2013 at 8:32 am

gang rapeന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷാവിധി മറ്റന്നാള്‍. ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കല്‍ ഡല്‍ഹി സാകേത് കോടതിയില്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30നാണ് കേസില്‍ വിധി പറയുക. കേസിലെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കലിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധിയും ഇന്ന് തന്നെ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേസമയം, വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദയാന്‍ കൃഷ്ണന്‍ വാദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇത്തരം കേസുകളില്‍ മാപ്പ് നല്‍കപ്പെടുമെന്ന സന്ദേശം നല്‍കലാകും അത്. ഈ കേസിനോട് തുലനം ചെയ്യാന്‍ മറ്റൊരു സംഭവമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ പ്രതികളുടെ പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ ജീവപര്യന്തത്തില്‍ ഒതുക്കണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. തീവ്രവാദികള്‍ക്ക് പോലും ജിവപര്യന്തം ശിക്ഷ നല്‍കുന്ന ഇന്ത്യയില്‍ ഈ പ്രതികള്‍ക്ക് മാത്രം വധശിക്ഷ നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രതികളായ വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ കോണ്‍സല്‍ എ പി സിംഗ് ചോദിച്ചു. ബട്‌ല ഹൗസ് കേസില്‍ പിടിക്കപ്പെട്ട തീവ്രവാദികള്‍ക്ക് പോലും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ, പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.

ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ക്ക് പുറമെ വധശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, പ്രകൃതിവിരുദ്ധ പീഡനം, കൊലപാതകം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ പതിമൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. പ്രതികളായ മുകേഷ് (26), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ് സിംഗ് താക്കൂര്‍ (28) എന്നിവര്‍ക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിസ്സഹായാവസ്ഥയിലായ വ്യക്തിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്ന വിധി പ്രഖ്യാപനം വായിക്കവെ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥിനിയുടെ മരണ മൊഴിയും സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. വിധി പ്രഖ്യാപനം വായിക്കുമ്പോള്‍ പ്രതികളായ നാല് പേരും കോടതിയില്‍ ഉണ്ടായിരുന്നു. വിധി കേട്ട് വിനയ് ശര്‍മ കരഞ്ഞു. കേസില്‍ വധശിക്ഷയോ ചുരുങ്ങിയത് ജീവപര്യന്തം കഠിന തടവോ ലഭിക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് പ്രകടനങ്ങള്‍ നടന്നു.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, മൂന്ന് വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റാനാണ് വിധിച്ചത്. കേസിലെ പ്രതിയും ബസിന്റെ ഡ്രൈവറുമായ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു. വൈദ്യ പരിശോധന ലഭിക്കാന്‍ വൈകിയതും അണുബാധയുമാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.

130 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനിടെ 85 പ്രോസിക്യൂഷന്‍ സാക്ഷികളെയും പതിനേഴ് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു.
ഡിസംബര്‍ പതിനാറിനാണ് നാടിനെ നടുക്കിയ ഡല്‍ഹി കൂട്ട ബലാത്സംഗം അരങ്ങേറിയത്. ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഇരുപത്തിമൂന്നുകാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ പ്രക്ഷോഭമാണ് നടന്നത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറിന് പുറമെ രാഷ്ട്രപതി ഭവനിലേക്കുള്ള റോഡിലും പ്രക്ഷോഭം അരങ്ങേറി.