സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രയാസം: സി ബി ഐ

Posted on: September 10, 2013 11:36 pm | Last updated: September 10, 2013 at 11:36 pm

cbiന്യുഡല്‍ഹി: സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്ന് സി ബി ഐ. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ വിചാരണക്കിടയിലാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ ഈ നിരീക്ഷണം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഉരുക്കുമുഷ്ടികള്‍ക്കിടയില്‍ പെട്ട് വലയുന്നതിനാല്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാനാകില്ലെന്നാണ് സി ബി ഐ അറിയിച്ചത്.
തങ്ങളുടെ നിര്‍ദേശങ്ങള്‍ മിക്കപ്പോഴും ബന്ധപ്പെട്ട വകുപ്പിലെ ഹെഡ് ക്ലര്‍ക്കിന്റെ തടസ്സവാദങ്ങളുമായി തിരിച്ചയക്കപ്പെടുകയാണ് ചെയ്യാറെന്ന് സി ബി ഐ സുപ്രീം കോടതിയില്‍ പറഞ്ഞു. സി ബി ഐ ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ നേരിട്ട് പഴ്‌സണല്‍ – ട്രെയിനിംഗ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു.
അതേസമയം, കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ ഏതെല്ലാമെന്ന് രണ്ട് ദിവസത്തിനകം സി ബി ഐയെ അറിയിക്കുമെന്ന് കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ പറഞ്ഞു. ഫയലുകള്‍ കാണാതായത് സംബന്ധിച്ച് എഫ് ഐ ആര്‍ സമര്‍പ്പിക്കുകയോ യുക്തമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. കാണാതായ ഫയലുകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എത്രയെണ്ണം കണ്ടെത്തിയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി വിസമ്മതിച്ചു.